കൊറോണ ബാധിച്ചവർക്കും രോഗം സംശയിക്കപ്പെടുന്നവർക്കും പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നല്കുന്ന പ്രധാനപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ
കൊറോണ ബാധിച്ചവർക്കും രോഗം സംശയിക്കപ്പെടുന്നവർക്കും പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കടുത്ത പനിയും തുടർച്ചയായ ചുമയുമാണ് കോവിഡ്- 19 ലെ പ്രധാന ലക്ഷണങ്ങൾ. കൊറോണ രോഗ ലക്ഷണങ്ങൾ കാണുന്ന ദിവസം മുതൽ 7 ദിവസത്തേയ്ക്ക് സ്വയം ഐസൊലേറ്റ് ചെയ്ത് വീടുകളിൽ കഴിയണം. ഇത് രോഗം കമ്മ്യൂണിറ്റിയിലുള്ള മറ്റുള്ളവരിലേയ്ക്ക് പടരാതിരിക്കാൻ സഹായിക്കും. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിനാവശ്യമായ സൗകര്യങ്ങളും അവശ്യവസ്തുക്കളുടെ ലഭ്യതയും മുൻകൂട്ടി എംപ്ളോയർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിലൂടെ ഉറപ്പു വരുത്തണം. വീട്ടിലുള്ള മറ്റുള്ളവരിൽ നിന്ന് 2 മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം. കഴിയുന്നതും തനിയെ ഉറങ്ങണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ 20 സെക്കൻ്റോളം കഴുകണം. വീടുകളിലുള്ള അനാരോഗ്യമുള്ളവർ, പ്രായം ചെന്നവർ എന്നിവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കണം.
ചെറിയ തോതിലുള്ള കൊറോണ ലക്ഷണങ്ങൾ മൂലം ഐസൊലേഷനിൽ ഉള്ളവർക്ക് രോഗ പരിശോധന നടത്തുന്നതല്ല. 14 ദിവസത്തെ ഐസൊലേഷൻ കൊറോണ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ ഉദ്ദേശിച്ചുള്ളതാണ്. അല്ലാത്തവർക്ക് 7 ദിവസം ഐസൊലേഷനാണ് നിർദ്ദേശിക്കുന്നത്. സാധാരണ ഗതിയിൽ 7 ദിവസത്തിനു ശേഷം ഒരാളിൽ നിന്ന് രോഗം പകരാൻ സാധ്യത കുറവാണ്.
ഐസൊലേഷനിൽ പോകുന്നതിനായി NHS 111 വിളിക്കേണ്ടതില്ല. 7 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ തുടരുന്നയാണെങ്കിൽ 111.nhs.uk യെ ഓൺലൈനിൽ ബന്ധപ്പെടണം. ഇൻ്റർനെറ്റ് സൗകര്യമില്ലാത്തവർ NHS 111 നമ്പരിൽ വിളിക്കണം. ഐസൊലേഷനിലായിരിക്കുമ്പോൾ മരുന്നുകൾ, ഫുഡ് എന്നിവ ലഭ്യമാക്കാനുള്ള കാര്യങ്ങൾ സുഹൃത്തുക്കളും ബന്ധുക്കളും വഴി ചെയ്യണം. ഡെലിവറി ചെയ്യുന്ന വസ്തുക്കൾ വീടിന് പുറത്ത് ഡ്രോപ്പ് ചെയ്യാൻ നിർദ്ദേശിക്കണം. ഐസൊലേഷനിൽ ആയിരിക്കുമ്പോൾ കുക്കിംഗ്, റീഡിംഗ്, ഓൺലൈൻ ലേണിംഗ് അടക്കമുള്ളവ ചെയ്യാവുന്നതാണ്. ആരോഗ്യം മെച്ചപ്പെട്ടു കഴിഞ്ഞാൽ എക്സർസൈസും ചെയ്യണം.
ഐസൊലേഷനിലുള്ളവർ ജോലിക്കോ, സ്കൂളിലോ, പബ്ളിക് ഏരിയയിലോ പോകാൻ പാടില്ല. നടക്കാനും പോകരുത്. പബ്ളിക് ട്രാൻസ്പോർട്ടോ ടാക്സിയോ ഉപയോഗിക്കരുത്. മുഴുവൻ സമയവും വീടുകളിൽ കഴിയണം. വീടുകളിൽ കഴിയുന്നതും നല്ല വെൻ്റിലേഷൻ ലഭ്യമാക്കാൻ ശ്രദ്ധിക്കണം. ഇതിനായി വിൻഡോകൾ തുറന്നു വയ്ക്കണം. ഇത് എയർ സർക്കുലേഷന് സഹായിക്കും. ടൂത്ത് ബ്രഷുകൾ, ഗ്ലാസ്, കപ്പ് എന്നിവ മറ്റുള്ളവരുമായി ഷെയർ ചെയ്യരുത്.
ഗാർഡനിൽ പോലും മറ്റുള്ളവരിൽ നിന്നും രണ്ടു മീറ്റർ അകലം പാലിക്കണം. ബാത്ത് റൂം ഷെയർ ചെയ്യുന്ന സാഹചര്യത്തിൽ സ്വന്തം ബാത്ത് ടൗവൽ മാത്രമേ ഉപയോഗിക്കാവൂ. ബാത്ത് റൂം ഉപയോഗിച്ച ശേഷം പ്രതലങ്ങൾ തന്നെ കഴുകി വൃത്തിയാക്കണം. മറ്റുള്ളവർ കൂടി ഉപയോഗിക്കുന്ന ബാത്ത് റൂമുകൾ രോഗം ബാധിച്ചയാൾ ഏറ്റവും അവസാനം ഉപയോഗിക്കുന്നതാണ് നല്ലത്. കിച്ചണിൽ നിന്നും ഫുഡ് പ്ളേറ്റിലാക്കി സ്വന്തം റൂമിൽ പോയിരുന്ന് കഴിക്കണം. പ്ളേറ്റുകളും കട്ട് ലേറികളും ഷെയർ ചെയ്യരുത്.
കുട്ടികൾക്ക് വൈറസ് ബാധിച്ചാലും ചെറിയ തോതിലുള്ള രോഗമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. എന്നിരുന്നാലും കുട്ടികളും 7 ദിവസം ഐസൊലേഷനിൽ ആയിരിക്കണം. ബ്രെസ്റ്റ് ഫീഡിംഗ് വഴി രോഗം പകരുമെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. അതിനാൽ ഇക്കാര്യം മിഡ് വൈഫിനോടെ, ജി പി യോടൊ ചോദിച്ച് തീരുമാനിക്കണം.
കൊറോണ രോഗി ഉപയോഗിച്ച വസ്തുക്കളുടെ വെയിസ്റ്റുകൾ പ്രത്യേകം ബിൻ ബാഗുകളിൽ ആക്കണം. ഇത് മറ്റൊരു ബാഗിലാക്കി 72 മണിക്കൂർ പ്രത്യേകം സൂക്ഷിച്ചതിനു ശേഷമേ ബിന്നിൽ നിക്ഷേപിക്കാവൂ. ഉപയോഗിച്ച വസ്ത്രങ്ങൾ കുടയരുത്. ധാരാളം വെള്ളം കുടിക്കണം. ആവശ്യമുള്ളപ്പോൾ പാരസെറ്റാമോൾ ഡോസിൽ കൂടാത്ത വിധത്തിൽ കഴിക്കാം. ഫേസ് മാസ്കുകൾ ഐസൊലേഷനിൽ ഉപയോഗിക്കുന്നതു കൊണ്ട് പ്രത്യേക ഗുണമൊന്നുമില്ല. ഏഴ് ദിവസത്തെ ഐസൊലേഷനു ശേഷം രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായാൽ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാവുന്നതാണ്. കൊറോണ വൈറസ് ഇൻഫെക്ഷൻ മാറിയാലും ചിലരിൽ ചുമ കുറച്ചു നാൾ കൂടി കാണപ്പെടാം. ചുമ മാത്രമേ തുടരുന്നുള്ളുവെങ്കിൽ 7 ദിവസത്തിനു ശേഷം ഐസൊലേഷനിൽ തുടരേണ്ട ആവശ്യമില്ല.