Friday, 22 November 2024

എ ലെവൽ, ജിസിഎസ്ഇ റിസൾട്ടുകൾ ടീച്ചർമാർ നല്കിയ ഗ്രേഡിലേയ്ക്ക് മാറ്റാൻ ഗവൺമെൻ്റ് നിർദ്ദേശം. എഡ്യൂക്കേഷൻ സെക്രട്ടറി ക്ഷമാപണം നടത്തി

എ ലെവൽ, ജിസിഎസ്ഇ റിസൾട്ടുകൾ ടീച്ചർമാർ നല്കിയ ഗ്രേഡിലേയ്ക്ക് മാറ്റാൻ ഗവൺമെൻ്റ് നിർദ്ദേശം നല്കി. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ഫലങ്ങൾ കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് സ്റ്റാൻഡാർഡൈസ് ചെയ്തത് ഇതോടെ റദ്ദാക്കപ്പെടും. ടീച്ചർമാർ നല്കിയ ഗ്രേഡ് അല്ലെങ്കിൽ മോഡറേഷനായി ഓഫ് ക്വാൽ നല്കിയ ഗ്രേഡ് എന്നിവയിലെ മികച്ച ഗ്രേഡ് കുട്ടികൾക്ക് ലഭിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് എ ലെവൽ റിസൾട്ടുകൾ പുറത്തു വന്നത്. ഇതിലെ 40 ശതമാനത്തോളം റിസൾട്ടുകൾ ഡൗൺ ഗ്രേഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് നിരവധി കുട്ടികൾക്ക് യൂണിവേഴ്സിറ്റി അഡ്മിഷൻ സാധ്യത ഇല്ലാതാകുകയോ, ഇഷ്ടപ്പെട്ട കോഴ്സുകൾ ലഭിക്കാതെ വരികയോ ചെയ്തു. കുട്ടികളും മാതാപിതാക്കളും രാഷ്ട്രീയ കക്ഷികളും വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയത്.

എ ലെവൽ റിസൾട്ടുകളിൽ ഉണ്ടായ അപാകതകളിൽ എഡ്യൂക്കേഷൻ സെക്രട്ടറി ക്ഷമാപണം നടത്തി. റിസൾട്ടുകളിൽ അപ്പീൽ നല്കാൻ ഓഫ് ക്വാൽ സംവിധാനമൊരുക്കിയെങ്കിലും അതും വളരെ സങ്കീർണമായ പ്രക്രിയയാകുമെന്ന് മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഗവൺമെൻ്റ് യൂടേൺ എടുത്തത്. ഓഗസ്റ്റ് 20 വ്യാഴാഴ്ച്ച ജിസിഎസ്ഇ റിസൾട്ടുകൾ പുറത്തു വരും. ഇതും കമ്പ്യൂട്ടർ അൽഗോരിതമായിരിക്കും തീരുമാനിക്കുകയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതോടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന ഗ്രേഡിംഗ് മോഡലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്.

Other News