Monday, 23 December 2024

ബ്രെക്സിറ്റിനു ശേഷമുള്ള ആദ്യത്തെ പ്രധാന വ്യാപാര കരാർ ബ്രിട്ടൺ ജപ്പാനുമായി ഒപ്പുവച്ചു

രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 15 ബില്യൺ പൗണ്ട് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യത്തെ പ്രധാന വ്യാപാര കരാർ ബ്രിട്ടൺ ജപ്പാനുമായി ഒപ്പുവച്ചു. യുകെ-ജപ്പാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം ജപ്പാനിലേക്കുള്ള കയറ്റുമതിയുടെ 99 ശതമാനവും താരിഫ് രഹിതമാകുമെന്ന് ഇൻ്റർനാഷണൽ ട്രേഡ് സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു.

ചരിത്ര പ്രധാനമായ ഈ കരാർ പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ഡ്രിങ്ക്, ട്രേഡ് ഇൻഡസ്ട്രികൾ എന്നിവയിൽ ബ്രിട്ടീഷ് ബിസിനസുകൾക്ക് പുതിയ നേട്ടങ്ങൾ സമ്മാനിക്കുമെന്ന് ലിസ് ട്രസ് പറഞ്ഞു. കരാർ യുകെയിലുടനീളം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ട്രസ് വിലയിരുത്തി. തന്ത്രപരമായി ഈ കരാർ ട്രാൻസ്-പസഫിക് പങ്കാളിത്തത്തിൽ ചേരുന്നതിനും സ്വതന്ത്ര വ്യാപാര കരാറുകളുടെ ഒരു ശൃംഖലയുടെ ബ്രിട്ടനെ സ്ഥാപിക്കുന്നതിനുമുള്ള ഒരു സുപ്രധാന നടപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

യുകെയിലെ പ്രധാന ജാപ്പനീസ് നിക്ഷേപകരായ നിസ്സാൻ, ഹിറ്റാച്ചി എന്നിവയ്ക്ക് ജപ്പാനിൽ നിന്ന് വരുന്ന ഭാഗങ്ങളുടെ തീരുവ കുറയ്ക്കുന്നതിലൂടെയും റെഗുലേറ്ററി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിലൂടെയും നേട്ടമുണ്ടാകുമെന്ന് യുകെയുടെ വ്യാപാര വകുപ്പ് പ്രസ്താവനയിൽ പറയുന്നു. ലോകത്തെ മറ്റ് രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ നടത്താനുള്ള സ്വാതന്ത്ര്യം ബ്രെക്സിറ്റ് ബ്രിട്ടന് നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബിസിനസ്സ് നേതാക്കൾ കരാറിനെ സ്വാഗതം ചെയ്തെങ്കിലും യൂറോപ്യൻ യൂണിയനുമായി ഒരു കരാർ ഉറപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

ഈ കരാർ പ്രതീകാത്മക പ്രാധാന്യമുള്ളതാണെങ്കിലും ഇത് യുകെ ജിഡിപിയെ 0.07 ശതമാനം മാത്രമേ ഉയർത്തുകയുള്ളൂവെന്നും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര നഷ്ടത്തിന്റെ വളരെ ചെറിയൊരു അംശമാത്രമാണ് ഇതെന്നും നിരീഷകർ പ്രതികരിച്ചു.

Other News