ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷണലുകൾക്ക് ബ്രിട്ടണിൽ രണ്ടു വർഷം വരെ ജോലി ചെയ്യാൻ അവസരം. ഇന്ത്യയും ബ്രിട്ടണും തമ്മിൽ ഒരു ബില്യൺ പൗണ്ടിൻ്റെ ട്രേഡ് ഡീൽ ഒപ്പുവച്ചു.
ഇന്ത്യ - ബ്രിട്ടൻ ബന്ധങ്ങൾ സുദൃഡമാക്കുന്ന വിവിധ ട്രേഡ് ഡീലുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടണും ഒരു ബില്യൺ പൗണ്ടിൻ്റെ ട്രേഡ് ഡീൽ ഒപ്പുവച്ചു. പുതിയ മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ എഗ്രിമെൻറും ബ്രിട്ടീഷ് ഹോം ഓഫീസ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ള 18 നും 30 വയസിനും ഇടയ്ക്ക് പ്രായമുള്ള പ്രഫഷണലുകൾക്ക് ബ്രിട്ടണിൽ രണ്ടു വർഷക്കാലം ജോലി ചെയ്യാനും പഠനം നടത്താനും അനുമതി നൽകും. ബ്രിട്ടണിൽ നിന്നുള്ള യുവ പ്രഫഷണലുകൾക്ക് ഇന്ത്യയിൽ ജോലി ചെയ്യാനും പഠനം നടത്താനും പുതിയ സ്കീമിലൂടെ കഴിയും. ഡിഗ്രി/ ഡിപ്ളോമ യോഗ്യത ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇവർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണം. എന്നാൽ ആതിഥേയ രാജ്യത്ത് വർക്ക് വിസ നേടാനായാൽ തുടരാൻ കഴിയും. ഒരു വർഷം 3,000 പേർക്ക് ഇന്ത്യയിൽ നിന്ന് ഇതിലൂടെ ബ്രിട്ടണിൽ എത്താം. നിലവിലുള്ള ഈ സ്കീം പ്രകാരം ഓസ്ട്രേലിയ, ക്യാനഡ, ഹോങ്കോങ്ങ്, ജപ്പാൻ, ന്യൂസിലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ യുവ പ്രഫഷണലുകൾക്ക് നൽകിയിരിക്കുന്ന സൗകര്യമാണ് ഇന്ത്യയ്ക്കും ബ്രിട്ടൺ നല്കുന്നത്.
Migration and Mobility partnership between India and UK
മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സ്കീം അനുസരിച്ച് ബ്രിട്ടണിലെത്താൻ താത്പര്യമുള്ള യുവ പ്രഫഷണലുകൾ 2,530 പൗണ്ട് സേവിംഗ്സ് തങ്ങളുടെ പക്കലുണ്ടെന്ന് തെളിയിക്കണം. കൂടാതെ യുകെയിൽ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള സാധ്യതയും ബോധ്യപ്പെടുത്തണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ നടന്ന വർച്വൽ മീറ്റിംഗിലാണ് ട്രേഡ് ഡീലുകൾ ഉറപ്പിച്ചത്. ബോറിസ് നടത്താനിരുന്ന ബിസിനസ് വിസിറ്റ് ഇന്ത്യയിലെ കോവിഡിൻ്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചിരുന്നു.