യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് ആര്യയെന്ന മലയാളി പെൺകുട്ടി ഇന്ത്യയിലേയ്ക്ക്... അരുമയായ നായക്കുട്ടി സൈറയെ മാറോടണച്ച് യാത്ര.
റഷ്യ - യുക്രെയിൻ സംഘർഷം രൂക്ഷമാകുന്നതിടെ ഒരു മലയാളി പെൺകുട്ടിയുടെ യുക്രെയിനിൽ നിന്നുള്ള മടക്കയാത്ര സോഷ്യൽ മീഡിയയിലൂടെ ലോക ശ്രദ്ധയാകർഷിക്കുന്നു. യുക്രെയിനിലെ കീവിൽ പഠിച്ചു കൊണ്ടിരുന്ന ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനിയായ ആര്യയാണ് തൻ്റെ അരുമയായ സൈറയെന്ന വളർത്തു നായക്കുട്ടിയുമൊത്ത് റൊമേനിയൻ ബോർഡറിലേയ്ക്ക് യാത്ര നടത്തിയത്. ആര്യ താമസിച്ചിരുന്ന കീവിൽ മിസൈൽ ആക്രമണം ആരംഭിച്ചതോടെ അവൾ വളർത്തുനായയ്ക്കൊപ്പം ആദ്യം ബങ്കറിൽ അഭയം തേടി. തുടർന്ന് സൈറയ്ക്ക് അതിർത്തി കടക്കാനുള്ള പേപ്പർ വർക്കുകൾ തയ്യാറാക്കി.
ഒരു ഘട്ടത്തിൽ തൻ്റെ വളർത്തുനായയെ 12 കിലോമീറ്റർ കൈയിൽ വഹിച്ചുകൊണ്ട് നടക്കേണ്ടതായി വന്നു. കടുത്ത തണുപ്പിൽ നായയുടെ കാലുകൾ മരവിച്ചിരുന്നു. ഭാരം കുറയ്ക്കാൻ കൈയിലുണ്ടായിരുന്ന വാട്ടർ ബോട്ടിൽ വരെ ഉപേക്ഷിക്കേണ്ടതായി വന്നു. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും തൻ്റെ പ്രിയ നായയെ ഉപേക്ഷിച്ച് നാട്ടിലേയ്ക്കില്ലെന്ന ഉറച്ച നിലപാടുമായാണ് ആര്യ. സൈബീരിയൻ ഹസ്കി വിഭാഗത്തിൽപ്പെട്ടതാണ് അഞ്ച് മാസം പ്രായമുള്ള നായ. യുക്രെയിനിൽ രണ്ടാം വർഷം മെഡിസിന് പഠിക്കുകയാണ് ആര്യ. ഇപ്പോൾ ആര്യ സൈറയുമൊത്ത് റൊമേനിയിലെ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടെന്നാണ് ലഭ്യമായ വിവരം.