Thursday, 21 November 2024

റേഡിയോ മലയാളത്തിന്റെ 'കിളിവാതിൽ' എന്ന ജനപ്രിയ പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അദ്ധ്യാപകരും  വിദ്യാർത്ഥികളും അവതരിപ്പിച്ച സർഗ്ഗ സൃഷ്ടികൾ ശ്രദ്ധേയമായി.

സുജു ജോസഫ്

കേരള ഗവൺമെൻറിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന റേഡിയോ മലയാളത്തിന്റെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ 'കിളിവാതിൽ' എന്ന പേരിൽ നടത്തുന്ന പരിപാടിക്ക് പുതു മാനം നൽകി മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച സർഗ്ഗ സൃഷ്ടികൾ  ഏറെ ശ്രദ്ധേയമായി.  വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി ഇക്കഴിഞ്ഞ ഡിസംബർ 27 മുതൽ 30 വരെ ഓരോ ദിവസവും 4 സമയങ്ങളിലായി ക്രിസ്മസ് നവവത്സര-സ്പെഷ്യൽ പ്രോഗ്രാമായിട്ടായിരുന്നു റേഡിയോ മലയാളത്തിൽ കിളിവാതിൽ  സംപ്രേഷണം ചെയ്തത്.

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന നന്മയുടെ സന്ദേശം നല്കുന്ന ചിന്തോദ്ദീപകമായ  ഒരു കഥ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ്  സി എ ജോസഫ് ഏവർക്കും ആകർഷകമായ രീതിയിൽ ആമുഖമായി അവതരിപ്പിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.

യുകെയിലെ അറിയപ്പെടുന്ന ഗായകനും കവന്ററി  കേരള സ്കൂൾ അധ്യാപകനുമായ ഹരീഷ് പാലാ മലയാള നാടിന്റെ പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം' എന്ന ഗാനം അതിമനോഹരമായി ആലപിച്ച് റേഡിയോ മലയാളത്തിന്റെ  മുഴുവൻ ശ്രോതാക്കളുടെയും അഭിനന്ദനമേറ്റുവാങ്ങി. ബേസിംഗ് സ്റ്റോക്ക് മലയാളം സ്കൂളിലെ വിദ്യാർഥിനികളും കൊച്ചു വാനമ്പാടികളുമായ ആൻ എലിസബത്ത് ജോബിയും ആഗ്നസ് തോമസും ആലപിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഏറെ ഇഷ്ടമായി.

യുകെയിലെ ഹോർഷം അമ്മ  മലയാളം സ്കൂളിലെ വിദ്യാർത്ഥി നവനീത് പ്രശാന്ത് സ്കൂളിലെ അധ്യാപികയും സ്വന്തം അമ്മയുമായ ദിവ്യ പ്രശാന്തിനോടൊപ്പം ചേർന്ന് ഹൃദ്യമായി ആലപിച്ച കുമാരനാശാന്റെ കവിത റേഡിയോ മലയാളത്തിന്റെ കിളിവാതിലിനെ വ്യത്യസ്തതയാർന്ന തലത്തിൽ എത്തിച്ചു. ലണ്ടനിലെ പ്രശസ്ത മലയാളി അസ്സോസിയേഷനായ എം എ യുകെയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂളിലെ വിദ്യാർത്ഥിനി ശ്രേയ മേനോൻ ആലപിച്ച നാടൻ പാട്ടും റേഡിയോ മലയാളത്തിന്റെ ശ്രോതാക്കളുടെ കൈയ്യടി നേടുകയുണ്ടായി.

ലണ്ടനിലെ ഇതളുകൾ മലയാളം സ്കൂളിലെ ആറ് വയസുകാരിയായ വിദ്യാർത്ഥിനി നിരൂപമ സന്തോഷ് വയലാർ രാമവർമ്മയുടെ വൃക്ഷം എന്ന കവിത ആലപിച്ച് കവിതയെ സ്നേഹിക്കുന്ന ശ്രോതാക്കളെ വിസ്മയിപ്പിച്ചപ്പോൾ ലണ്ടനടുത്തുള്ള സെന്റ്  മോണിക്ക മിഷൻ മലയാളം സ്‌കൂളിലെ വിദ്യാർഥി ഡാറിൻ കെവിൻ മധുരിമയാർന്ന  ഈണത്തിൽ മനോഹരമായ ഒരു ലളിതഗാനം ആലപിച്ച്  റേഡിയോ മലയാളം  ശ്രോതാക്കളുടെ മനം കവർന്നു.

റേഡിയോ മലയാളത്തിന്റെ എല്ലാ കൂട്ടുകാർക്കുമായി മനോഹരമായ ഒരു കവിത ആലപിച്ച ബേസിംഗ്‌സ്‌റ്റോക്ക് മലയാളം സ്കൂളിലെ വിദ്യാർഥിയായ ആരോൺ തോമസ് ജോബിയും  യുകെയിലെ ന്യൂകാസിലിൽ പ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിലെ വിദ്യാർത്ഥിനികളും കൊച്ചു ഗായികമാരുമായ മിയ റോസ് ജെ പുത്തനും ആദ്യ സിനോജും ആലപിച്ച വ്യത്യസ്തതയാർന്ന ഗാനങ്ങളും പ്രശസ്ത കവി കെ അയ്യപ്പപ്പണിക്കരുടെ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന കവിതയാലപിച്ച പോർസ്‌മൗത്ത് ഹിന്ദു സമാജം മലയാളം സ്‌കൂളിലെ വിദ്യാർത്ഥിനി ശാരദ പിള്ളയും റേഡിയോ മലയാളത്തിന്റെ മുഴുവൻ ശ്രോതാക്കളുടെയും പ്രശംസ നേടി.

മലയാളം മിഷന്റെ ഭാഗമായ റേഡിയോ മലയാളത്തിൽ പങ്കെടുക്കുവാൻ യുകെ ചാപ്റ്ററിലെ അധ്യാപകർക്കും പഠിതാക്കൾക്കും അവസരം നൽകിയതിന് റേഡിയോ മലയാളത്തിന്റെ മുഴുവൻ സാരഥികളോടും മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

വ്യത്യസ്തതയാർന്ന സർഗ്ഗസൃഷ്ടികൾ ഉൾപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടികളുടെ ഏകോപനം നടത്തി റേഡിയോ മലയാളത്തിന്റെ കിളിവാതിൽ എന്ന സ്പെഷ്യൽ പ്രോഗ്രാമിനെ സമ്പന്നമാക്കുവാൻ സഹായിച്ച അധ്യാപകരെയും കുട്ടികളെയും മാതാപിതാക്കളെയും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാ പ്രതിഭകളെയും മലയാളം മിഷൻ യുകെ  ചാപ്റ്റർ പ്രസിഡന്റ് സി. എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ റീജിയണൽ കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജയപ്രകാശ് എസ് എസ്, രെഞ്ചു പിള്ള, ബിന്ദു കുര്യൻ, ജിമ്മി ജോസഫ് എന്നിവർ അഭിനന്ദിച്ചു.

റേഡിയോ മലയാളത്തിന്റെ കിളിവാതിൽ പരിപാടിയിൽ ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ പ്രോഗ്രാമായി മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച സർഗ്ഗസൃഷ്ടികൾ കേൾക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

 

Other News