Friday, 22 November 2024

ബോറിസ് ജോൺ സൗദി സന്ദർശനത്തിന് തയ്യാറെടുക്കുന്നു. ഓയിൽ ഡീൽ ഉറപ്പിക്കാൻ പദ്ധതി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺ സൗദി സന്ദർശനത്തിന് തയ്യാറെടുക്കുന്നു. സൗദി അറേബ്യയുമായി  ഓയിൽ ഡീൽ ഉറപ്പിക്കാൻ പദ്ധതിയിട്ടാണ് സന്ദർശനം. അടുത്തയാഴ്ചത്തേയ്ക്കാണ് യാത്ര പ്ളാൻ ചെയ്യുന്നത്. എന്നാൽ ഡൗണിംഗ് സ്ട്രീറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടണിലെ പെട്രോൾ, ഡീസൽ വിലകൾ കുതിച്ചു കയറുന്നതിൻ്റെ സാഹചര്യത്തിലാണ് അടിയന്തിര നീക്കമെന്നാണ് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പെട്രോളിന് 1.60 പൗണ്ടും ഡീസലിന് 1.70 പൗണ്ടും എന്ന റെക്കോർഡ്‌ നിരക്കിലെത്തിയിട്ടുണ്ട്.

റഷ്യ - യുക്രെയിൻ  സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ഓയിൽ വാങ്ങിക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ്‌ ഓയിൽ സപ്ളൈ തടസമില്ലാതെ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ബോറിസ് പരിഗണിക്കുന്നത്. സൗദി അറേബ്യൻ ക്രൗൺ പ്രിൻസ് മൊഹമ്മദ് ബിൻ സൽമാനുമായി അടുത്ത സൗഹൃദ ബന്ധമാണ് ബോറിസിനുള്ളത്. ഇരുവരും വാട്ട്സ്ആപ്പിൽ സന്ദേശം കൈമാറാറുണ്ട്. കഴിഞ്ഞ മാസം ബോറിസ് സൗദി സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും യുക്രെയിൻ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് മാറ്റി വച്ചിരുന്നു.

Other News