ഇൻകം ടാക്സ്, ഫ്യുവൽ ഡ്യൂട്ടി നിരക്കുകൾ കുറയ്ക്കുമെന്ന് സൂചന നല്കി ചാൻസലർ റിഷി സുനാക്ക്
ഇൻകം ടാക്സ്, ഫ്യുവൽ ഡ്യൂട്ടി നിരക്കുകൾ കുറയ്ക്കുമെന്ന് ചാൻസലർ റിഷി സുനാക്ക് സൂചന നല്കി. ബുധനാഴ്ച പാർലമെൻറിൽ സ്പ്രിംഗ് സ്റ്റേറ്റ്മെൻറ് അവതരിപ്പിക്കാനിരിക്കെയാണ് ഇക്കാര്യം ഒരു ഇൻ്റർവ്യൂവിൽ അദ്ദേഹം വെളിപ്പെടുത്തിയത്. ജീവിതച്ചിലവുകളും ബില്ലുകളും കുത്തനെയുയരുന്ന സാഹചര്യത്തിൽ ഗവൺമെൻ്റ് വേണ്ട ഇടപെടൽ നടത്താനാണ് ഒരുങ്ങുന്നത്. മാറിയ സാഹചര്യത്തിൽ നിലവിലെ കോസ്റ്റ് ഓഫ് ലിവിംഗ് കണക്കാക്കാനുള്ള മാനദണ്ഡം നിശ്ചയിക്കാൻ ചാൻസലർ റിഷി സുനാക്ക് ട്രഷറി ഒഫീഷ്യലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങൾക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ഭാരം കുറയ്ക്കാൻ മുൻഗണന നല്കുമെന്ന് ചാൻസലർ പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ ഇലക്ട്രിസിറ്റി, ഗ്യാസ് നിരക്കുകൾ വർദ്ധിപ്പിക്കാൻ എനർജി റെഗുലേറ്ററായ ഓഫ് ജെം അനുമതി നല്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് ലെവലിൽ എത്തിയിരിക്കുകയാണ്. കൂടാതെ നാഷണൽ ഇൻഷുറൻസും ഏപ്രിൽ 1 മുതൽ വർദ്ധിക്കും. 1970 ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് ബ്രിട്ടണിലെ കുടുംബങ്ങൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധി തുടരുന്ന പക്ഷം മെയ് മാസത്തിൽ നടക്കുന്ന ലോക്കൽ ഇലക്ഷനുകളിൽ തിരിച്ചടി നേരിട്ടേക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയ്ക്ക് ആശങ്കയുണ്ട്.