Monday, 23 December 2024

ഹഗ്ഗി വഗ്ഗി : വൈറലാകുന്ന കാർട്ടൂൺ കഥാപാത്രത്തിനെതിരെ ജാഗ്രത പാലിക്കാൻ രക്ഷിതാക്കളോട് ബ്രിട്ടീഷ് പോലീസ്.

ഇന്റർനെറ്റിൽ വൈറലാകുന്ന ഭീതി പരത്തുന്ന കാർട്ടൂൺ കഥാപാത്രമായ ഹഗ്ഗി വഗ്ഗിക്കെതിരെ ജാഗ്രത പാലിക്കാൻ രക്ഷിതാക്കളോട് ബ്രിട്ടീഷ് പോലീസ് ആവശ്യപ്പെട്ടു. നിരുപദ്രവകരമെന്ന് തോന്നുന്ന ഈ കഥാപാത്രത്തിന് യഥാർത്ഥത്തിൽ ഭയപ്പെടുത്തുന്ന സ്വഭാവമാണുള്ളത്. കൂടാതെ പാടുന്ന പാട്ടുകളിൽ ഹഗ്ഗ് ചെയ്യുന്നതും കൊല ചെയ്യുന്ന കാര്യവും പരാമർശിക്കുന്നുണ്ട്. മൂർച്ചയുള്ള പല്ലുകളും നരച്ച മുടിയും ഉള്ള നീല നിറത്തിലുള്ള ഒരു കരടിയായി ഹഗ്ഗി വഗ്ഗി, 2021 മുതൽ പോപ്പി പ്ലേടൈം എന്ന പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നു. MOB ഗെയിംസ് വികസിപ്പിച്ചെടുത്ത, ഹഗ്ഗി വഗ്ഗി കഥാപാത്രത്തിന്റെ കാർട്ടൂൺ വീഡിയോകൾ യൂട്യൂബ് പേരെൻ്റൽ കൺട്രോളിൽ അല്ലാത്തതു കൊണ്ട് തന്നെ ഇത് കൂടുതൽ കുട്ടികളിലേക്ക് എത്താൻ സാഹചര്യമാകുന്നു.

ഹഗ്ഗി വഗ്ഗി വീഡിയോകൾ കാണുന്നതിൻ്റെ അനന്തരഫലമായി കുട്ടികളിൽ ഭയം, അസ്വസ്ഥത, പേടി സ്വപ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. ഈ കഥാപാത്രം അടങ്ങിയ വീഡിയോകൾ കാണുന്നതിൽ നിന്നും മാതാപിതാക്കൾ കുട്ടികളെ തടയണമെന്ന് സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പോലീസ് മുന്നറിയിപ്പ് നൽകി. ഹഗ്ഗി വഗ്ഗി കഥാപാത്രമായ കാർട്ടൂണുകളും ഗെയിമുകളും കുട്ടികളിൽ  നെഗറ്റീവ് ഇംപാക്‌ട് ഉണ്ടാക്കുന്നതായി രക്ഷിതാക്കളും സ്കൂളുകളും യുകെയിൽ പലയിടത്തായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

Other News