Friday, 22 November 2024

ബോറിസ് രാജി വയ്ക്കണമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേലും ഇന്നലെ നിയമിതനായ ചാൻസലർ സഹാവിയും. പ്രധാനമന്ത്രി പദമൊഴിയാൻ കനത്ത സമ്മർദ്ദവുമായി ക്യാബിനറ്റംഗങ്ങൾ.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിയാൻ ബോറിസ് ജോൺസണുമേൽ സമ്മർദ്ദമേറുന്നു. ഇന്നലെ ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദൂം മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്രിസ്‌ പിഞ്ചർ എം.പിയെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്. ക്യാബിനറ്റിലെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന സുനാക്കിൻ്റെയും സാജിദിൻ്റെയും രാജി പ്രധാനമന്ത്രി ബോറിസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. എന്നാൽ പുതിയ ചാൻസലറായി നാദിം സഹാവി, ഹെൽത്ത് സെക്രട്ടറിയായി സ്റ്റീവ് ബാർക് ളെ എന്നിവരെ ബോറിസ് ഇന്നലെത്തന്നെ നിയമിച്ചിരുന്നു.

പുതിയ ചാൻസലറായി നിയമിതനായ നാദിം സഹാവിയും ബോറിസ് ജോൺസൺ രാജി വയ്ക്കണമെന്ന നിലപാടിലാണിപ്പോൾ. പ്രധാനമന്ത്രി ബോറിസ് ജോൺസണിന് ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ചിരുന്ന ഹോം സെക്രട്ടറി പ്രിതി പട്ടേലും, പ്രധാനമന്ത്രി പദം ഒഴിയണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ബോറിസിൻ്റെ മന്ത്രിസഭയിലെ 38 അംഗങ്ങൾ ഇതുവരെ രാജിവച്ചു കഴിഞ്ഞു.

കൺസർവേറ്റീവ് പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഏതാനും ആഴ്ചകൾക്ക് മുൻപ് അതിജീവിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തവണ നേരിടുന്നത് അഗ്നിപരീക്ഷയാണ്. പ്രധാനമന്ത്രി പദം ഒഴിയേണ്ട അവസ്ഥ സംജാതമായാൽ തൻ്റെ മന്ത്രി സഭയുടെ രാജി നല്കി പുതിയ ഇലക്ഷന് കളമൊരുക്കാനും ബോറിസ് ജോൺസൺ ശ്രമിച്ചേക്കും. പ്രധാനമന്ത്രി പദത്തിൽ തുടരുമെന്ന ഉറച്ച തീരുമാനമാണ് ബോറിസ് ഇന്ന് പാർലമെൻ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലെ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു.
 

Other News