Thursday, 28 November 2024

പൗണ്ടിൻ്റെ മൂല്യം കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക്

പൗണ്ടിൻ്റെ മൂല്യം കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് ഉയർന്നു. ഒരു പൗണ്ടിന് 1.14 യുഎസ് ഡോളർ എന്ന നിലയിലാണ് വിനിമയമൂല്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് ചാൻസലർ ക്വാസി കാർട്ടെംഗ് പാർലമെൻറിൽ അവതരിപ്പിച്ച മിനി ബഡ്ജറ്റ് പൗണ്ടിൻ്റെ വില കുത്തനെ ഇടിയുന്നതിന് കാരണമായിരുന്നു. ഒരു പൗണ്ടിന് 1.03 ഡോളർ എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ വിനിമയം നടന്നത്. ബ്രിട്ടീഷ് ഫൈനാൻഷ്യൽ മാർക്കറ്റിനെ അടിമുടി ഉലച്ച ബഡ്ജറ്റിലെ വിവാദപരമായ ടാക്സ് ഇളവ് പിൻവലിയ്ക്കുകയാണെന്ന് ചാൻസലർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ടോപ്പ് റേറ്റ് ടാക്സായ 45 പെൻസ് നിരക്കാണ് 40 പെൻസിലേയ്ക്ക് താഴ്ത്താൻ ചാൻസലർ മിനി ബഡ്ജറ്റിൽ ലക്ഷ്യമിട്ടത്. രാജ്യം കൂടുതൽ കടമെടുപ്പ് നടത്തേണ്ടി വരുമെന്ന ആശങ്ക ഇൻവെസ്റ്റേഴ്സ് മാർക്കറ്റിൽ പരന്നതോടെയാണ് പൗണ്ടിൻ്റെ മൂല്യമിടിഞ്ഞത്. പ്രതിപക്ഷത്തിൻ്റെയും കൺസർവേറ്റീവ് നേതാക്കളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് ഈ ഇളവ് ചാൻസലർ പിൻവലിച്ചത്.  നവംബർ 23ന് അവതരിപ്പിക്കാനിരുന്ന ഫൈനാൻഷ്യൽ സ്റ്റേറ്റ്മെൻറ് നേരത്തെയാക്കാനും ഗവൺമെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ കടമെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഇതിൽ ലഭ്യമാകും.

നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തുമോയെന്ന് നവംബർ 3 ന് തീരുമാനിക്കും അതിന് മുമ്പ് കടമെടുപ്പ് സംബന്ധിച്ച സ്റ്റേറ്റ്മെൻറ് പുറത്തുവിടും. ഒക്ടോബർ 11 ന് പാർലമെൻ്റ് ചേർന്ന ശേഷം ഇതു സംബന്ധിച്ച തിയതി പ്രഖ്യാപിക്കും.

Other News