Friday, 22 November 2024

കെയർ ടേക്കർ പ്രധാനമന്ത്രിയാകാൻ തയ്യാറെന്ന് ഗ്രാൻ്റ് ഷാപ്പ്സ് സൂചിപ്പിച്ചതായി അഭ്യൂഹം. ലിസ് ട്രസിനു പിന്നിൽ അണി നിരക്കാൻ മുതിർന്ന ടോറി നേതാക്കളുടെ ആഹ്വാനം

പ്രധാനമന്ത്രി ലിസ് ട്രസിനു പിന്നിൽ അണി നിരക്കാൻ മുതിർന്ന ടോറി നേതാക്കൾ ആഹ്വാനം ചെയ്തു. ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ, ചാൻസലർ ഓഫ് ദി ഡച്ചി ഓഫ് ലങ്കാസ്റ്റർ നദീം സഹാവി, കോമൺസ് ലീഡർ പെന്നി മോർഡൻ്റ്, എൺവയേൺമെൻ്റ് സെക്രട്ടറി റനിൽ ജയവർദ്ധനെ എന്നിവർ പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് വിവിധ ആർട്ടിക്കിളുകളിലൂടെ അഭ്യർത്ഥിച്ചു. ഒറ്റക്കെട്ടായി അണിനിരക്കാത്ത പക്ഷം അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിയ്ക്കേണ്ടി വരുമെന്നും അവർ മുന്നറിയിപ്പു നല്കി.

ലിസ്ട്രസ് പ്രധാനമന്ത്രിയായി തുടരാൻ 40-60 ചാൻസാണ് ഉള്ളതെന്ന് ചാൻസലർ ക്വാസി കാർട്ടെംഗ് പറഞ്ഞതായി വാർത്ത പരന്നിരുന്നു. എന്നാൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. കെയർ ടേക്കർ പ്രധാനമന്ത്രിയാകാൻ തയ്യാറെന്ന് മുൻ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് സൂചിപ്പിച്ചതായും അഭ്യൂഹമുണ്ട്. കൺസർവേറ്റീവ് പാർട്ടി ലീഡർ തെരഞ്ഞെടുപ്പിൽ റിഷി സുനാക്കിനെയാണ് ഷാപ്സ് പിന്തുണച്ചിരുന്നത്.

ടോപ് റേറ്റ് ടാക്സ് ഇളവുകൾക്കെതിരെ പ്രതികരിച്ച മുൻ ക്യാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവിനെതിരെ പാർട്ടിയിൽ വിമർശനമുയരുന്നുണ്ട്. ഇളവിനെതിരെ പാർലമെൻ്റിൽ വോട്ടു ചെയ്യുമെന്ന ഗോവിൻ്റെ പരസ്യ പ്രസ്താവനയും ബിൽ പാർലമെൻ്റിൽ പരാജയപ്പെടുമെന്ന ഗ്രാൻ്റ് ഷാപ്സിൻ്റെ വെളിപ്പെടുത്തലും ഉണ്ടായതിനെ തുടർന്ന് 45 പെൻസ് ടാക്സ് ഇളവ് ചാൻസലർക്ക് പിൻവലിയ്ക്കേണ്ടതായി വന്നിരുന്നു.

അധികാരത്തിൽ വന്ന് ഒരു മാസം തികയുമ്പോൾ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ പേഴ്സണൽ അപ്രൂവൽ റേറ്റിംഗ് താഴേയ്ക്ക് കുതിക്കുന്നതായാണ് റിപ്പോർട്ട്.  ഒപ്പീനിയം പോൾ അനുസരിച്ച് മൈനസ് 47 ആണ് നിലവിലെ സ്കോർ. ബോറിസ് ജോൺസണിന് പാർട്ടി സ്കാൻഡൽ സമയത്ത് ലഭിച്ചതിലും തെരേസ മേ പ്രധാനമന്ത്രി പദം രാജി വയ്ക്കുന്നതിന് മുമ്പ് രേഖപ്പെടുത്തിയതിലും മോശം സ്കോറിലാണ് ലിസ് ട്രസ് ഇപ്പോൾ. കൺസർവേറ്റീവ് പാർട്ടിയുടെ കോൺഫറൻസിനു ശേഷം ലിസ് ട്രസിൻ്റെ അപ്രൂവൽ റേറ്റിംഗിൽ വീണ്ടും ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി പദവി കൈകാര്യം ചെയ്യാൻ ട്രസ് പ്രാപ്തയല്ലെന്നാണ് ഭൂരിപക്ഷവും കരുതുന്നതെന്നാണ് സർവേ വ്യക്തമാക്കുന്നത്. സാധാരണ രീതിയിൽ പാർട്ടി കോൺഫറൻസിനു ശേഷം പാർട്ടി ലീഡറായ പ്രധാനമന്ത്രിയ്ക്ക് സർവേകളിൽ കൂടുതൽ പിന്തുണ ലഭ്യമാകാറുള്ളതാണ്. എന്നാൽ ലിസ് ട്രസിൻ്റെ കാര്യത്തിൽ എല്ലാം തലതിരിഞ്ഞ രീതിയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ലിസ് ട്രസ് നിയമിച്ച പുതിയ ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെ പേഴ്സണൽ അപ്രൂവൽ സ്കോർ അതിലും മോശമാണ്. മൈനസ് 51 എന്ന നിലയിലാണ് കാർട്ടെംഗിപ്പോൾ. മിനി ബഡ്ജറ്റിനു ശേഷമുണ്ടായ ഫൈനാൻഷ്യൽ മാർക്കറ്റിലെ അനിശ്ചിതത്വവും പൗണ്ടിൻ്റെ വിലയിടിവും ടോപ്പ് റേറ്റ് ടാക്സ് ബാൻഡ് പിൻവലിയ്ക്കാനുള്ള തീരുമാനവും വൻ പ്രതിഷേധമാണ് രാജ്യത്ത് സൃഷ്ടിച്ചത്.

ലേബർ പാർട്ടിയുടെ കോൺഫറൻസ് തീരുമാനങ്ങൾ മെച്ചപ്പെട്ടതായിരുന്നെന്ന് 44 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടപ്പോൾ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിന് 19 ശതമാനം പിന്തുണ മാത്രമാണ് കിട്ടിയത്. രാജ്യത്ത് നടന്ന എല്ലാ അഭിപ്രായ സർവേകളിലും ലേബർ പാർട്ടി ടോറികളേക്കാൾ മുമ്പിലാണ്. ലിസ് ട്രസിൻ്റെ നേതൃത്വത്തിൽ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമാവില്ലെന്നും തങ്ങളുടെ സീറ്റുകൾ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് മിക്ക കൺസർവേറ്റീവ് എം.പിമാരും.

ഇലക്ഷൻ നടന്നാൽ ലണ്ടനിലെ എല്ലാ കൺസർവേറ്റീവ് എം.പിമാരും തോൽക്കുമെന്നാണ് പുതിയ സർവേ ഫലം സൂചിപ്പിക്കുന്നത്. ബോറിസ് ജോൺസണിൻ്റെ പാർലമെൻറ് മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്യാമ്പയിൻ ഗ്രൂപ്പ് 38 ഡിഗ്രീസ് നടത്തിയ ഒപീനിയൻ പോളിലാണ് കൺസർവേറ്റീവ് പാർട്ടിയ്ക്കെതിരായ ജനവികാരം വെളിപ്പെട്ടത്. 6,012 പേരിൽ നിന്ന് കഴിഞ്ഞ വീക്കെൻഡിൽ ഇതിനായി അഭിപ്രായം ശേഖരിച്ചു. ഓരോ എം പിമാരുടെയും വ്യക്തിഗത പ്രകടനവും പ്രശസ്തിയും സർവേ കണക്കിലെടുത്തില്ലെന്നും പൊതുവായ രാഷ്ട്രീയ ഭരണ വസ്തുതകൾ കണക്കിലെടുത്തുള്ള അഭിപ്രായമാണ് ജനങ്ങളിൽ നിന്ന് ആരാഞ്ഞതെന്നും ക്യാമ്പയിൻ ഗ്രൂപ്പ് 38 ഡിഗ്രീസ് പറഞ്ഞു.

ലേബർ പാർട്ടിയ്ക്ക് 59 ശതമാനം പിന്തുണയാണ് സർവേ കാണിക്കുന്നത്. കൺസർവേറ്റീവിന് 22 ശതമാനവും ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 ശതമാനവും ജനങ്ങളുടെ പിന്തുണയുണ്ട്. ഈവനിംഗ് സ്റ്റാൻഡാർഡിൽ പബ്ളിഷ് ചെയ്ത എംആർപി പോൾ അനുസരിച്ച് ലണ്ടനിൽ കൺസർവേറ്റീവിന് 21 സീറ്റുകൾ നഷ്ടപ്പെടും. ഒരു സീറ്റൊഴികെയെല്ലാം ലേബർ പാർട്ടി നേടും. ഒരു സീറ്റ് ലിബറൽ ഡെമോക്രാറ്റുകൾ കരസ്ഥമാക്കും.

Other News