Friday, 22 November 2024

റിഷി സുനാക്ക് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ശക്തമായ എൻഎച്ച്എസും സാമ്പത്തിക സ്ഥിരതയും പ്രധാന ലക്ഷ്യമെന്ന് റിഷി സുനാക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനാക്ക് ചുമതലയേറ്റു. ശക്തമായ എൻഎച്ച്എസും സാമ്പത്തിക സ്ഥിരതയുമാണ് തൻ്റെ  പ്രധാന ഭരണ ലക്ഷ്യമെന്ന് നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിനു മുന്നിൽ നിന്നും രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് കൊണ്ട് റിഷി സുനാക്ക് പറഞ്ഞു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസിൻ്റെയും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെയും സേവനത്തിന് റിഷി സുനാക്ക് നന്ദി പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൺസർവേറ്റീവ് പാർട്ടിയ്ക്ക് ലഭിച്ച ജനവിധി തുടരാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും റിഷി പറഞ്ഞു. അടുത്ത തലമുറ സുസ്ഥിരതയോടെ ജീവിക്കുന്നതിന് നാം വേണ്ടത്ര ഉൾക്കാഴ്ചയോടെ നീങ്ങണം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്കിയത്.

ഇന്നലെയാണ് റിഷി സുനാക്കിനെ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡറായി തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസ് ഡൗണിംഗ് സ്ട്രീറ്റിനു മുന്നിൽ വിടവാങ്ങൽ പ്രസംഗം നടത്തുകയും ബക്കിംഗാം പാലസിലെത്തി തൻ്റെ രാജി കിംഗ് ചാൾസിന് നല്കുകയും ചെയ്തു. തുടർന്ന് പാലസിലെത്തിയ റിഷി സുനാക്കിനോട് കിംഗ് ചാൾസ് പുതിയ അഡ്മിനിസ്ട്രേഷൻ രൂപീകരിക്കാൻ അഭ്യർത്ഥിച്ചു. ഓഫർ സ്വീകരിച്ച റിഷി സുനാക്കിനെ പ്രധാനമന്ത്രിയായും ഫസ്റ്റ് ലോർഡ് ഓഫ് ട്രഷറിയായും കിംഗ് ചാൾസ് അവരോധിച്ചു. 

ബ്രിട്ടൻ്റെ 57 മത്തെ പ്രധാനമന്ത്രിയായാണ് റിഷി സുനാക്ക് സ്ഥാനമേൽക്കുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് 42 കാരനായ റിഷി സുനാക്ക്.  ബക്കിംഗാം പാലസിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ റിഷി സുനാക്കിനെ സിവിൽ സെർവൻ്റുകൾ ആചാരപരമായി കൈയടികളോടെയാണ് സ്വീകരിച്ചത്.

Other News