Monday, 23 December 2024

നഴ്സുമാർക്കും ആംബുലൻസ് സ്റ്റാഫിനും വൺ ഓഫ് പേയ്മെൻറ്... എൻഎച്ച്എസിലെ സമരം അവസാനിപ്പിക്കുന്നതിന് പുതിയ നിർദ്ദേശം ഗവൺമെൻ്റ് പരിഗണിക്കുന്നതായി സൂചന

എൻഎച്ച്എസിലെ സമരം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ ഗവൺമെൻ്റ് പരിഗണിക്കുന്നതായി സൂചന. ഇതിൻ്റെ ഭാഗമായി നഴ്സുമാർക്കും ആംബുലൻസ് സ്റ്റാഫിനും വൺ ഓഫ് പേയ്മെൻറ് നൽകുന്ന കാര്യം ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജീവിതച്ചിലവ് ഉയർന്ന സാഹചര്യത്തിൽ ഇത്തരമൊരു നീക്കം സമരം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവൺമെൻ്റ്. 19 ശതമാനം ശമ്പള വർദ്ധനയാണ് നഴ്സസ് യൂണിയനുകൾ തുടക്കത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 ശതമാനം വർദ്ധന ലഭ്യമായാൽ സമരം അവസാനിപ്പിക്കാമെന്ന സൂചന യൂണിയനുകൾ നൽകിയിട്ടുണ്ട്.

Crystal Media UK Youtube channel 

ജനുവരി 18 നും 19 നും വാക്കൗട്ട് നടത്തുമെന്ന് നഴ്സസ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സമരം ഉടൻ അവസാനിപ്പിക്കുന്നതിന് വൺ ഓഫ് പേയ്മെൻ്റ് നൽകുന്നതിന് അനുകൂലമായ സമീപനമാണ് പ്രധാനമന്ത്രി റിഷി സുനാക്കിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ അടുത്ത വർഷം മെച്ചപ്പെട്ട ശമ്പള വർദ്ധന നൽകാമെന്ന നിലപാടും ഗവൺമെൻ്റ് സ്വീകരിക്കും. യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ തയ്യാറാണെന്ന് പ്രധാനമന്ത്രിയും ഹെൽത്ത് സെക്രട്ടറിയും പറഞ്ഞു. എന്നാൽ വൺ ഓഫ് പേയ്മെൻ്റ് നൽകുന്ന കാര്യത്തിൽ യാതൊരു സ്ഥിരീകരണവും പ്രധാനമന്ത്രി നൽകിയിട്ടില്ല. യൂണിയൻ നേതാക്കളുമായി ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർ ക്ളേ ഇന്ന് ചർച്ച നടത്തുന്നുണ്ട്.

Other News