ധാന്യപ്പൊടിയിലെ ഫോളിക് ആസിഡിൻ്റെ അളവ് ജനന വൈകല്യങ്ങൾ തടയുമെന്ന് ശാസ്ത്രജ്ഞർ
ധാന്യപ്പൊടിയിലെ ഫോളിക് ആസിഡിൻ്റെ അളവ് ജനന വൈകല്യങ്ങൾ തടയുമെന്ന് പ്രമുഖ ശാസ്ത്രജ്ഞർ. എല്ലാ ധാന്യപ്പൊടികളിലും അരിയിലും ഉയർന്ന അളവിൽ ഫോളിക് ആസിഡ് ചേർക്കുന്നത് ആജീവനാന്ത വൈകല്യങ്ങളുമായി നൂറുകണക്കിന് കുഞ്ഞുങ്ങൾ യുകെയിൽ ജനിക്കുന്നത് തടയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. നിലവിൽ ധാന്യപ്പൊടികളിൽ ഫോളിക് ആസിഡിൻ്റെ അളവ് വളരെ കുറവാണെന്നും ചില സ്ത്രീകൾക്ക് ഇത് സഹായകരമാകില്ലെന്നും അവർ സൂചിപ്പിച്ചു. ഇതു മൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ന്യായീകരിക്കാനാവില്ല. ഒരു തരം വെളുത്ത ധാന്യപ്പൊടിയിൽ നിർബന്ധമായും ഒന്നോ അതിലധികമോ ന്യൂട്രിയൻസ് ചേർക്കുമ്പോൾ അതിൽ ഫോളിക് ആസിഡും ഉൾപ്പെടുത്താൻ സാധിക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. ഇത് പൊതുജനാരോഗ്യത്തിന് വളരെ ഗുണപ്രദമാകുമെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി അഭിപ്രായപ്പെട്ടു. ഫോളിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ ബി9 ഫുഡ് ഇൻഡസ്ട്രി നിർബന്ധമായും ഹോൾമീൽ അല്ലാത്ത ഗോതമ്പ് മാവിൽ ചേർക്കണം എന്ന നിയമം യുകെയിലുടനീളമുള്ള ഗവൺമെന്റുകൾ കഴിഞ്ഞ വർഷം അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വൈറ്റ് ബ്രെഡ് കഴിക്കുന്ന എല്ലാവർക്കും അവരുടെ ഭക്ഷണത്തിൽ കൂടുതൽ ഫോളിക് ആസിഡ് ലഭ്യമാകാൻ ഇത് സഹായിക്കും.
ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ വിറ്റാമിൻ വളരെ പ്രധാനമാണ്, ഇത് കുഞ്ഞിന്റെ തലച്ചോറ്, തലയോട്ടി, സുഷുമ്നാ നാഡി എന്നിവ ശരിയായി വികസിപ്പിക്കാൻ സഹായിക്കുന്നു. ഗർഭിണിയാകുന്നതിന് മുമ്പ് ദിവസേന ഫോളിക് സപ്ലിമെന്റ് കഴിക്കാൻ സ്ത്രീകൾ നിർദ്ദേശിക്കപ്പെടുന്നുണ്ടെങ്കിലും മിക്കവരും അത് ചെയ്യാറില്ല, പ്രത്യേകിച്ച് സാമ്പത്തികശേഷി കുറഞ്ഞവർ. മാത്രവുമല്ല, പകുതിയോളം ഗർഭധാരണങ്ങളും പ്ലാൻ ചെയ്തിട്ടല്ല നടക്കുന്നതും. അതുകൊണ്ട് തന്നെ സ്‌പൈന ബിഫിഡ പോലുള്ള ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. യുകെയിലെ 1,000 ഗർഭിണികളിൽ ഒരാളെ ഈ അവസ്ഥ ബാധിക്കുന്നതായാണ് പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. യുകെയിലെ ന്യൂറൽ ട്യൂബ് വൈകല്യങ്ങളുടെ എണ്ണം യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്നും, ഇത് നിസാരമായ അവസ്ഥയല്ലെന്നും ശാസ്ത്രജ്ഞരിൽ ഒരാളായ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ നിയോനാറ്റൽ മെഡിസിൻ പ്രൊഫസർ നീന മോദി പറഞ്ഞു. 100 ഗ്രാം നോൺ ഹോൾമീൽ ഗോതമ്പ് മാവിൽ 0.25 മില്ലിഗ്രാം ഫോളിക് ആസിഡ് ചേർക്കാൻ യുകെ ഗവൺമെന്റ് നിർദ്ദേശിച്ചു. എന്നാൽ പ്രഫ മോദിയും മറ്റു ശാസ്ത്രജ്ഞരും അതിന്റെ നാലിരട്ടി ചേർക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതായത്, എല്ലാ ധാന്യപ്പൊടികളിലും അരിയിലും 100 ഗ്രാമിന് 1 മില്ലിഗ്രാം വീതം.
വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ അവരുടെ ജീവിതകാലം മുഴുവൻ പരിപാലിക്കുന്നതിനുള്ള ചെലവ് പലപ്പോഴും ദശലക്ഷക്കണക്കിന് പൗണ്ടുകളായി മാറും. ഫോർട്ടിഫൈഡ് ഭക്ഷണങ്ങളിൽ നിന്ന് നേരിട്ട് ഫോളിക് ആസിഡ് കഴിക്കുന്നതു വഴി നിർണായക വിറ്റാമിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സപ്ലിമെന്റിലൂടെ ഒരേ ഡോസ് എടുക്കുന്നതിനേക്കാൾ ഇരട്ടി ഫലപ്രദമാണെന്ന് കരുതപ്പെടുന്നു.
എല്ലാവരുടെയും ഭക്ഷണത്തിൽ വളരെയധികം ഫോളിക് ആസിഡ് ചേർക്കുന്നത് അനീമിയ പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളെ മറയ്ക്കുമെന്ന് ചില വിദഗ്ധർ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോർഡ് ന്യൂറോളജിസ്റ്റ് പ്രൊഫ. പീറ്റർ എം റോത്ത്‌വെൽ പറഞ്ഞു. എന്നിരുന്നാലും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് കരുതിയിരിക്കേണ്ടത് പ്രധാനമാണെന്നും, എന്നാൽ അവയുടെ തോത് വളരെ ചെറുതാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1991-ൽ ലാൻസെറ്റിൽ നടത്തിയ ഒരു പഠനത്തിൽ, ദിവസേന 4mg ഫോളിക് ആസിഡ് സപ്ലിമെന്റ് കഴിക്കുന്നത്, യുകെയിലെ ഒരു ട്രയലിൽ കുഞ്ഞുങ്ങളിലെ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ 80% കുറച്ചതായി കണ്ടെത്തി. ആ പഠനത്തിന് നേതൃത്വം നൽകിയത് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് പ്രിവന്റീവ് മെഡിസിൻ പ്രൊഫസർ സർ നിക്കോളാസ് വാൾഡ് ആണ്. ഗർഭിണിയാകാൻ സാധ്യതയുള്ള എല്ലാ സ്ത്രീകളും ഒരു കുഞ്ഞിനായി ശ്രമിച്ചാലും ഇല്ലെങ്കിലും ഫോളിക് ആസിഡിന്റെ ദൈനംദിന സപ്ലിമെന്റ് കഴിക്കണമെന്ന് സ്‌പൈന ബിഫിഡ ബാധിച്ചവരെ പിന്തുണയ്ക്കുന്ന ചാരിറ്റി ഷൈൻ പറഞ്ഞു. 80-ലധികം രാജ്യങ്ങളിൽ ഫോളിക് ആസിഡ് മാവിൽ ചേർക്കുന്നുണ്ട്, ഓസ്‌ട്രേലിയയിൽ ഇത് ബ്രെഡിൽ ചേർത്തപ്പോൾ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ 14% കുറഞ്ഞതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്തു.