കെറ്ററിംങ്ങിലെ അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക മന്ത്രി വി.എൻ വാസവൻ കൈമാറി
അലക്സ് വർഗ്ഗീസ്
(യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)
യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്‌സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച 28,72000 ലക്ഷം രൂപയാണ് കൈമാറിയത്. അഞ്ജു ജോലി ചെയ്ത കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നിന്ന് കിട്ടേണ്ട അവകാശങ്ങൾ ലഭിക്കാൻ സർക്കാരിൽ ഇടപെടലുകൾ നടത്തുമെന്നും, യുക്മയുടേയും മലയാളി അസോസിയേഷന്റെയും, മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
അഞ്ജുവിൻ്റെ കുടുംബത്തെ സഹായിക്കുവാൻ യുകെ മലയാളി സമൂഹം നൽകിയ 31338 പൗണ്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനും വയ്ക്കുന്നതിനുള്ള ചിലവും, മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ച മനോജിൻ്റെ വിമാന ടിക്കറ്റ് ഉൾപ്പെടെ ചിലവായ തുകയും കഴിഞ്ഞ് ബാക്കി തുകയാണ് കുടുംബത്തിന് ഇന്നലെ വൈക്കത്ത് വച്ച് മന്ത്രി കുടുബത്തിന് കൈമാറിയത്.
കഴിഞ്ഞവർഷം ഡിസംബർ 15നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) കൊല്ലപ്പെട്ടത്. ഇന്ത്യൻ എംബസിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷം മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചിരുന്നു.
പരിപാടിയിൽ യുക്മ മിഡ്ലാൻറ്സ് മുൻ റീജണൽ ട്രഷറർ സോബിൻ ജോൺ, ജിജി സോബിൻ, സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ഏരിയാ സെക്രട്ടറി കെ ശെൽവരാജ്, മറവവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ എന്നിവർ പങ്കെടുത്തു.
പ്രത്യേക സാഹചര്യത്തിൽ വിഷമമനുഭവിക്കുന്ന അഞ്ജുവിൻ്റെ കുടുംബത്തെ സഹായിക്കുവാൻ സന്മനസ് കാണിച്ച് മുഴുവൻ യുകെ മലയാളികൾക്കും യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, യുക്മ മിഡ്ലാൻഡ്സ് റീജിയൻ വൈസ് പ്രസിഡൻറ് സിബു ജോസഫ് എന്നിവർ നന്ദി പറഞ്ഞു.