Thursday, 21 November 2024

ഗ്രോസറി വിലവർദ്ധനവിനെ തുടർന്ന് ആളുകൾ മികച്ച ഓഫറുകൾ തേടി ആഴ്ചയിൽ നാല് തവണയെങ്കിലും സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നു

യുകെയിൽ ഗ്രോസറി സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ആളുകൾ മികച്ച ഓഫറുകൾ തേടി ആഴ്ചയിൽ നാല് തവണയെങ്കിലും സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കുതിച്ചുയരുന്ന ജീവിതച്ചെലവ് മറികടക്കാൻ മികച്ച ഡീലുകൾ തേടുകയാണ് ശരാശരി കുടുംബങ്ങൾ. ഗ്രോസറി ഷോപ്പുകൾ കടുത്ത മത്സരമാണ് നേരിടുന്നതെന്നും ആളുകൾക്ക് ഒരു സ്റ്റോറിലെ വില ഇഷ്ടപ്പെട്ടില്ലെങ്കിൽ മറ്റ് സ്റ്റോറുകളിലേക്ക് പോകുമെന്നും മാർക്കറ്റ് റിസർച്ച് കമ്പനിയായ കാന്താറിൽ നിന്നുള്ള ഒരു അനലിസ്റ്റ്  വെളിപ്പെടുത്തി. മാർച്ചിൽ ഗ്രോസറി വില, മുൻ വർഷത്തെ അപേക്ഷിച്ച് 17.5%  ഉയർന്ന് റെക്കോർഡ് നിരക്കിലെത്തി. മുട്ട, പാൽ, ചീസ് എന്നിവയുടെ വില അതിവേഗം ഉയരുകയാണെന്നും കാന്താർ റിപ്പോർട്ടിൽ പറഞ്ഞു.

ക്രിസ്മസ് സമയം മാറ്റി നിർത്തിയാൽ, പാൻഡെമിക്ക് ആരംഭിച്ചതിന് ശേഷം ആളുകൾ ഏറ്റവും തുടർച്ചയായി സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നത് ഇപ്പോഴാണെന്ന് ഗവേഷണ സ്ഥാപനമായ കാന്താറിലെ റീട്ടെയിൽ ആൻഡ് കൺസ്യൂമർ ഇൻസൈറ്റ് മേധാവി ഫ്രേസർ മക്കെവിറ്റ് പറഞ്ഞു. ഉപഭോക്താക്കൾ ഒരു മാസത്തിൽ മികച്ച 10 റീട്ടെയിലർമാരിൽ ശരാശരി മൂന്നോ അതിലധികമോ റീട്ടെയിലർമാരെ സന്ദർശിക്കുന്നുണ്ടെന്നും മക്കെവിറ്റ് കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) നടത്തിയ പ്രത്യേക ഗവേഷണത്തിൽ ഈസ്റ്റർ അവധിക്ക് മുന്നോടിയായി ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, പാനീയങ്ങൾ എന്നിവയുടെ വില കുതിച്ചുയർന്നതായി കണ്ടെത്തി.

സ്‌പെയിനിലും വടക്കേ ആഫ്രിക്കയിലും മോശം കാലാവസ്ഥ വിളവെടുപ്പിനെ ബാധിച്ചതിനെത്തുടർന്ന്, ലഭ്യത കുറഞ്ഞതിനെ തുടർന്ന് പഴം, പച്ചക്കറി എന്നിവയുടെ വിലയും ഉയർന്നു. യുകെ സീസണിലേക്ക് പ്രവേശിക്കുന്ന വരും മാസങ്ങളിൽ ഭക്ഷ്യവിലക്കയറ്റം കുറയുമെന്നും എന്നാൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പ്രകാരം ഫെബ്രുവരിയിൽ ഭക്ഷ്യവില 45 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ ഉയർന്നു, പഴം, പച്ചക്കറി ക്ഷാമവും വില കയറ്റത്തിന് കാരണമായി. റസ്റ്റോറന്റുകളിലും പബ്ബുകളിലും മദ്യത്തിന്റെ വിലയും ഉയർന്നു. ഇതിനെ തുടർന്ന് ജനുവരിയിലെ 10.1 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ ഇൻഫ്ലേഷൻ 10.4 ശതമാനത്തിലെത്തി. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പലിശ നിരക്ക് ഉയർത്താൻ പ്രേരിപ്പിച്ചു. ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും വില പെട്ടെന്ന് ഉയരുന്നതിനാൽ പണപ്പെരുപ്പം ഈ വർഷം 3 ശതമാനത്തിൽ താഴെയാകുമെന്ന് ഗവൺമെന്റിന്റെ ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി പ്രവചനങ്ങൾ പറയുന്നു. പണപ്പെരുപ്പ നിരക്കിനേക്കാൾ വേഗത്തിൽ വില ഉയർത്തരുതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ കഴിഞ്ഞ ആഴ്ച കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി, ഇത് ജീവിതച്ചെലവ് ഇനിയും വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

Other News