Thursday, 07 November 2024

മെയ് ബാങ്ക് ഹോളിഡേയ്‌സിൽ നഴ്സുമാർ നടത്തുന്ന സമരം കടുത്ത വെല്ലുവിളികൾ ഉയർത്തുമെന്ന് എൻഎച്ച്എസ് പ്രോവൈഡേഴ്‌സ്

യുകെയിൽ മെയ് മാസത്തെ ബാങ്ക് ഹോളിഡേയ്‌സിൽ നഴ്‌സുമാർ നടത്താനിരിക്കുന്ന സമരം കടുത്ത വെല്ലുവിളികൾ ഉയർത്തുമെന്ന് എൻഎച്ച്എസ് പ്രോവൈഡേഴ്‌സ് പറഞ്ഞു. നഴ്‌സുമാരുടെ 48 മണിക്കൂർ പണിമുടക്കിൽ എമർജൻസി കെയറും ഉൾപ്പെടുന്നതിനാൽ, ഗുരുതരമായ അപകടസാധ്യതകളും കടുത്ത  വെല്ലുവിളികളും സൃഷ്ടിക്കുമെന്ന് ഒരു എൻഎച്ച്എസ് ബോസ് പറഞ്ഞു.

മെയ് മാസത്തെ പണിമുടക്ക്, അസാധാരണമായ സമര നടപടിയായി അടയാളപ്പെടുത്തുമെന്ന് എൻഎച്ച്എസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്സിൽ നിന്നുള്ള സർ ജൂലിയൻ ഹാർട്ട്ലി പറഞ്ഞു. നഴ്‌സുമാരുടെ ന്യൂനപക്ഷ വോട്ടിനെ അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്ന് ഗവൺമെൻ്റ് കുറ്റപ്പെടുത്തി. 2023-24 ലേയ്ക്ക് 5% ശമ്പള വർദ്ധനയാണ് പറഞ്ഞിരുന്നത്. കൂടാതെ കഴിഞ്ഞ വർഷത്തെ ശമ്പളം ടോപ്പ് അപ്പ് ചെയ്യുന്നതിന് £1,655 എങ്കിലും ഒറ്റത്തവണയായി നൽകുകയും വേണം. എന്നാൽ വെള്ളിയാഴ്ച 54% അംഗങ്ങൾ
ഓഫർ നിരസിച്ചതായി ആർസിഎൻ പ്രഖ്യാപിച്ചു. ഏപ്രിൽ 30-ന് ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സമയം 20:00  മുതൽ മെയ് 2-ന് 20:00 വരെയുള്ള വാക്കൗട്ടിൽ അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, കാൻസർ, മറ്റ് വാർഡുകൾ എന്നിവയിലെ എൻഎച്ച്എസ് നഴ്സുമാരും ഉൾപ്പെടും.

ഈ വർഷം ഫെബ്രുവരി 6, 7 തിയതികളിലും ജനുവരി 18, 19 തീയതികളിലും നഴ്‌സുമാർ ഇതിനകം രണ്ടുതവണ വാക്കൗട്ട് നടത്തി. എന്നാൽ ആ തീയതികളിൽ ക്രിട്ടിക്കൽ കെയറിലെ നഴ്‌സിംഗ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 07:00 ന് അവസാനിച്ച ജൂനിയർ ഡോക്ടർമാരുടെ - 35% ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്ന - നാല് ദിവസത്തെ വാക്കൗട്ടിന് ശേഷം എൻഎച്ച്എസ് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടയിലാണ് നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നഴ്സുമാർ ഈ നടപടിയുമായി മുന്നോട്ട് പോയാൽ ഒഴിവുകൾ നികത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് സർ ജൂലിയൻ മുന്നറിയിപ്പ് നൽകി. നീണ്ട വെയ്റ്റിംഗ് ടൈം കുറയ്ക്കുന്നതുൾപ്പെടെയുള്ള ജോലിയിൽ നിന്നുള്ള വലിയ വ്യതിചലനമാണ് സമീപകാല സമര നടപടിയെന്ന് കോൾചെസ്റ്ററിന്റെയും ഇപ്‌സ്‌വിച്ച് ഹോസ്പിറ്റലുകളുടെയും ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹൾം പറഞ്ഞു. പെട്ടെന്ന് പരിഹാരം കണ്ടെത്താൻ എല്ലാ കക്ഷികളോടും അദ്ദേഹം അഭ്യർത്ഥന നടത്തി. നഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ലിനിക്കൽ ഗ്രൂപ്പുകളില്ലാതെ സുരക്ഷിതമായി മെഡിക്കൽ സർവ്വീസ് നടത്തികൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണെന്നും രോഗികൾക്ക് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്, ഇംഗ്ലണ്ടിനുള്ള ശമ്പള വാഗ്ദാനം നിരസിച്ചപ്പോൾ, യൂണിസൺ സ്റ്റാഫുകൾ അത് അംഗീകരിച്ചു. ഗവൺമെന്റിന്റെ ഈ ഓഫർ സ്വീകരിക്കുന്നതിൽ യൂണിസണെ അനുകരിക്കാൻ എൻഎച്ച്എസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ചെറിയ ഗ്രൂപ്പുകളായ ജിഎംബി, യുണൈറ്റ് യൂണിയനുകളിലെ അംഗങ്ങളോട് ചാൻസലർ ജെറമി ഹണ്ട് അഭ്യർത്ഥിച്ചു. എന്നാൽ ഗവൺമെൻ്റ് ചർച്ചയ്ക്ക് വിസമ്മതിച്ചാൽ വീണ്ടും സമരത്തിന് തയ്യാറാണെന്ന് ബിഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റി കോ-ചെയർമാൻ ഡോ വിവേക് ത്രിവേദി പറഞ്ഞു.

അർഹതപ്പെട്ട മികച്ച ഒരു ഓഫർ ലഭിക്കുന്നതുവരെ ആർസിഎൻ നഴ്സുമാർ പിക്കറ്റ് ലൈനിലേക്ക് മടങ്ങാൻ നിർബന്ധിതരാകുമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ പറഞ്ഞു. ചില നഴ്സുമാരെയും ആംബുലൻസ് ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിസൺ യൂണിയൻ ഗവൺമെൻ്റിൻ്റെ ശമ്പള ഓഫറിന് അനുകൂലമായി വോട്ട് ചെയ്തു. സ്കോട്ട്ലൻഡിൽ, യൂണിയൻ അംഗങ്ങൾ 2023-24 കാലയളവിൽ ശരാശരി 6.5% മൂല്യമുള്ള ഒരു ഓഫർ സ്വീകരിച്ചു. വെയിൽസിലെയും നോർത്തേൺ അയർലൻഡിലെയും ഹെൽത്ത് യൂണിയനുകൾ ഇപ്പോഴും അവരുടെ ഗവൺമെന്റുകളുമായി ശമ്പളം സംബന്ധിച്ച ചർച്ചകളിലാണ്.

Other News