Friday, 22 November 2024

പ്രൊഫസറെ പ്രായക്കൂടുതലിന്റെ പേരിൽ നിർബന്ധിച്ച് റിട്ടയർ ചെയ്യിപ്പിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നടപടി തെറ്റെന്ന് എംപ്ളോയ്മെൻറ് ട്രൈബ്യൂണൽ

പ്രായക്കൂടുതലിന്റെ പേരിൽ തങ്ങളുടെ പ്രഫസറെ നിർബന്ധിച്ച് റിട്ടയർ ചെയ്യിപ്പിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നടപടി തെറ്റെന്ന് എംപ്ളോയ്മെൻറ് ട്രൈബ്യൂണൽ വിധിച്ചു. ഫിസിസിസ്റ്റായ പോൾ ഇവാർട്ടിന്റെ എംപ്ളോയിമെന്റ് കോൺട്രാക്ട് പ്രായപരിധി ഗൈഡ് ലൈൻ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി പുതുക്കി നല്കിയില്ല. അദ്ദേഹത്തിന് 69 വയസ് പ്രായമുള്ളപ്പോഴാണ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. യൂണിവേഴ്സിറ്റിയുടെ നിലവിലെ നയമനുസരിച്ച് സീനിയർ ഗ്രേഡിലുള്ള സ്റ്റാഫുകൾ അവർക്ക് 69 വയസ് പൂർത്തിയാകുന്നതിന് മുമ്പുള്ള സെപ്റ്റംബർ മാസത്തിൽ റിട്ടയർ ചെയ്തിരിക്കണം.

നോർത്തേൺ അയർലണ്ടുകാരനായ പ്രൊഫസർ ഇവാർട്ട് ട്രൈബ്യൂണലിന്റെ തീരുമാനം തന്റെ സഹപ്രവർത്തകർക്ക് ആശ്വാസകരമാകുമെന്നും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ അത് പൂർത്തിയാകുന്നതിനു മുമ്പ് മാറ്റി നിർത്തപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്ന നയം യൂണിവേഴ്സിറ്റി മാറ്റണമെന്നും അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി തന്നെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രായവിവേചനം അനുവദിക്കാനാവില്ലെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഇക്കാര്യത്തിലുള്ള നയത്തിന് നീതികരണമില്ലെന്നും എംപ്ളോയിമെൻറ് ട്രിബ്യൂണൽ വ്യക്തമാക്കി

Other News