Saturday, 05 October 2024

സംസ്കൃത ഭാഷ സംസാരിക്കുന്നവർക്കായി പുതിയ ഗ്രാമങ്ങൾ

Premier News Desk

സംസ്കൃത ഭാഷ സംസാരിക്കുന്നവർക്ക് മാത്രമായി പുതിയതായി രണ്ട് ഗ്രാമങ്ങൾ ഒരുക്കുവാൻ കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി. മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്കാണ് പുതിയ ആശയം അവതരിപ്പിച്ചത്.

പ്രാചീന ഭാഷയുടെ സംരക്ഷണത്തിനും ഇന്ത്യയുടെ മഹത്തായ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിനുമായുള്ള സുപ്രധാനമായ നടപടിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു. തനതു സംസ്കാരത്തെ പോഷിപ്പിക്കുന്നതു വഴി പാശ്ചാത്യ വൽക്കരണത്തിന് തടയിടുന്നതിന് ഇത് സഹായകരമാകുമെന്ന് പുതിയ നീക്കത്തെ അനുകൂലിക്കുന്നവർ കരുതുന്നു.

നിലവിൽ അഞ്ചുകോടിയോളം കുട്ടികൾ സ്കൂളുകളിൽ സംസ്കൃത ഭാഷ പഠിക്കുന്നുണ്ടെങ്കിലും 3500 വർഷം പഴക്കമുള്ള പവിത്ര ഭാഷയായ സംസ്കൃതത്തെ മാതൃഭാഷയായി ഉപയോഗിക്കുന്നവർ ഇന്ത്യയിൽ 25,000 പേർ മാത്രമാണ്.

ദേശീയ അന്തർദ്ദേശീയ തലങ്ങളിലേയ്ക്ക് പ്രാദേശിക ഭാഷകളുടെ വളർച്ച ത്വരിതപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ഉന്നത നിലവാരം പുലർത്തുന്ന സംസ്കൃത അധ്യാപകരുടെ റിക്രൂട്ട്മെൻറ് ഇതിനായി നടത്തും. പദ്ധതിയുടെ ഭാഗമായി ഭാഷാ ഭവൻ ആരംഭിക്കുമെന്നും വിവിധ ഭാഷകളിലെ സാഹിത്യരചനകൾ ഇതര ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യാനുള്ള പരിപാടികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആശയ വിനിമയത്തിനായി സംസ്കൃത ഭാഷ ഉപയോഗിക്കുന്ന അഞ്ച് ഗ്രാമങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിലവിലുള്ളത്. കർണാടകയിലെ മാത്തൂർ, ഹോസഹള്ളി, മദ്ധ്യപ്രദേശിലെ ജിരി, മോഹാഡ്, ബഗുവാർ എന്നിവയാണവ.

 

Other News