Monday, 23 December 2024

ബ്രെക്സിറ്റിനുശേഷം പോയിന്റ് ബേയ്സ്ഡ് മൈഗ്രേഷൻ സിസ്റ്റം നടപ്പാക്കാൻ ബ്രിട്ടൺ. പാസ്പോർട്ടിനല്ല, കഴിവിനാണ് മുൻതൂക്കമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രഫഷണലുകൾക്കായി യുകെ വാതിൽ തുറക്കും.

ഓസ്ട്രേലിയൻ രീതിയിലുള്ള പോയിന്റ് ബേയ്സ്ഡ് മൈഗ്രേഷൻ സംവിധാനം ബ്രിട്ടണിൽ നടപ്പാക്കുമെന്ന് ഗവൺമെന്റ് സൂചന നല്കി. പാസ്പോർട്ടിനേക്കാൾ സ്കിൽഡ് മാൻപവറിനാണ് മുൻതൂക്കം നല്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് അവസാനിക്കുന്ന 2020 ഡിസംബർ 31 മുതൽ ഇത് നിലവിൽ വരാനാണ് സാധ്യത. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുകെയിൽ വന്ന് ജോലി ചെയ്യാൻ ഇപ്പോൾ വിസയുടെ ആവശ്യമില്ല. എന്നാൽ ബ്രെക്സിറ്റിനു ശേഷം ഇവരുടെ ഫ്രീഡം ഓഫ് മൂവ് മെന്റ് അവസാനിക്കും. അതിനു ശേഷം സ്കിൽഡ് മൈഗ്രേഷന് മുൻതൂക്കം കൊടുക്കുന്ന രീതിയിലേയ്ക്ക് സംവിധാനങ്ങളിൽ മാറ്റം വരുത്തും. യൂറോപ്പിന് പുറത്ത് നിന്നുള്ളവർക്ക് നിലവിൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്, ജോബ് സ്പോൺസർഷിപ്പ്, ത്രെഷോൾഡ് സാലറി എന്നിവയിൽ ക്വാളിഫൈ ചെയ്ത് യുകെയിൽ എത്താം.

പോയിൻറ് ബേയ്സ്ഡ് സിസ്റ്റത്തിൽ പ്രഫഷണൽ എക്സ്പീരിയൻസും പേഴ്സണൽ ക്വാളിഫിക്കേഷനുകളും അനുസരിച്ചുള്ള ക്വാളിഫൈയിംസ് സ്കോർ ലഭിച്ചാൽ യുകെയിൽ എത്താൻ കഴിയും. ലണ്ടനിൽ യുകെ - ആഫ്രിക്ക സമ്മിറ്റിൽ സംസാരിക്കവേയാണ് ബോറിസ് ജോൺസൺ ഇമിഗ്രേഷൻ സംവിധാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് സൂചന നല്കിയത്. ലോകത്തെവിടെയും നിന്നുള്ള കഴിവുറ്റ വ്യക്തികളെ യുകെയിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിൽ സംവിധാനങ്ങൾ പരിഷ്കരിക്കും.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മൈഗ്രേഷന് കർശന നിയന്ത്രണം ഉടൻ നടപ്പാക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് പദ്ധതിയിടുന്നുവെന്ന് നേരത്തെ ഗവൺമെന്റ് സൂചിപ്പിച്ചിരുന്നു. ബെക്സിറ്റ് നടന്നാലുടൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ലോ-സ്കിൽഡ് വർക്കേഴ്സിന് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. ട്രാൻസിഷൻ പീരിയഡ് അവസാനിക്കുന്ന 2021 ആദ്യം മുതൽ ഇക്കാര്യത്തിൽ കർശന നടപടികൾ ഉണ്ടാകും. യുകെയിൽ ജോലി ചെയ്യാനുള്ള അവകാശം 2023 വരെ ഉറപ്പാക്കുന്ന തെരേസ മേയുടെ തീരുമാനമാണ് നേരത്തെ അവസാനിപ്പിക്കാൻ ആലോചിക്കുന്നത്.

ഹോം സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ബ്ളൂ പ്രിന്റ് ഈയാഴ്ച ക്യാബിനറ്റിൽ അവതരിപ്പിക്കും. തൊഴിൽ മേഖലയിലെ മൈഗ്രന്റ് വർക്കേഴ്സിനെ സംബന്ധിച്ച മാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ ബിസിനസ് പ്ളാനുകൾ ക്രമീകരിക്കുന്നതിന് ഒരു വർഷത്തിൽ താഴെ സമയമേ ഇതു മൂലം ലഭിക്കുകയുള്ളൂ. ഓസ്ട്രേലിയിലേതുപോലുള്ള പോയിന്റ് ബേയ്സ്ഡ് സിസ്റ്റം നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ ഇലക്ഷൻ സമയത്ത് പ്രഖ്യാപിച്ചിരുന്നു. എൻഎച്ച്എസ് അടക്കമുള്ള മേഖലകളിൽ ഇതുമൂലം സ്റ്റാഫ് ഷോർട്ടേജ് രൂക്ഷമാകാൻ സാധ്യതയുണ്ട്.

Other News