നേപ്പാളിൽ ഹോളിഡേയ്ക്ക് പോയ ദുബായ് മലയാളി കുടുംബത്തിലെ അഞ്ചുപേരും മറ്റൊരു കുടുംബത്തിലെ മൂന്നും പേരും റിസോർട്ടിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു.
കേരളത്തിൽ നിന്നും ഹോളിഡേയ്ക്ക് പോയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ട് പേർ നേപ്പാളിലെ റിസോർട്ടിൽ വച്ച് മരണമടഞ്ഞു. ഇതിൽ ഒരു ദുബായ് മലയാളി കുടുംബത്തിലെ അഞ്ചു പേരും ഉൾപ്പെടുന്നു. ഇതിൽ മൂന്നു പേർ കുട്ടികളാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. എഞ്ചിനീയറായ പ്രവീൺ കൃഷ്ണൻ നായർ(39), പത്നി സരണ്യ(34), കുട്ടികളായ ശ്രീഭദ്ര(9), ആർച്ച(8), അഭിനവ് (7) എന്നിവരാണ് മുറിയിലുണ്ടായിരുന്ന ഗ്യാസ് ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചത്. പ്രവീണിന്റെയും സരണ്യയുടെയും പത്താം വിവാഹ വാർഷികവും കുട്ടികളുടെ ബർത്ത് ഡേയും ആഘോഷിക്കാനാണ് ഇവർ നേപ്പാളിലെത്തിയത്. ഇവരുടെ കുട്ടികളുടെയെല്ലാം ജന്മദിനം ജനുവരി മാസത്തിലായിരുന്നു.
ഇവരുടെ കൂടെയുണ്ടായിരുന്ന കോഴിക്കോട്ട് നിന്നുള്ള കുടുംബത്തിലെ മൂന്നു പേർ കൂടി സംഭവത്തിൽ മരിച്ചിട്ടുണ്ട്. രഞ്ജിത് കുമാർ(39), ഇന്ദു ലക്ഷ്മി(34), വൈഷ്ണവ്(2) എന്നിവർ കൂടി മരണമടഞ്ഞതായാണ് മീഡിയ റിപ്പോർട്ട് ചെയ്തത്. ഇവരുടെ മറ്റൊരു മകൻ വേറെ മുറിയിലായിരുന്നതിനാൽ അപകടം സംഭവിച്ചില്ല.
15 പേരുടെ സംഘമാണ് ഹോളിഡേയ്ക്ക് പോയത്. ഇതിൽ 8 പേർ ഒരു മുറിയിലും 7 പേർ മറ്റൊന്നിലുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട എട്ടുപേരെയും അടിയന്തിരമായി എയർ ലിഫ്റ്റ് ചെയ്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.