Friday, 22 November 2024

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നിർമ്മിച്ച ഹ്രസ്വചിത്രം Seed റിലീസ് ചെയ്തു.

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ച ഹ്രസ്വചിത്രം Seed റിലീസ് ചെയ്തു. സ്കൂളിലെ മലയാളം അധ്യാപകനും പൂർവ്വവിദ്യാർഥിയുമായ ജോജിമോൻ ജോസ് വട്ടപ്പലം ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 63- ന്നാമത് കേരളപ്പിറവി ദിനത്തിൽ 63 മീറ്റർ നീളത്തിൽ ഒറ്റക്യാൻവാസിൽ 63 കുട്ടികൾ ചേർന്ന് 63 മിനിറ്റിൽ തയ്യാറാക്കിയ ആശംസചിത്രവും ഏറെ പ്രശംസ നേടിയിരുന്നു. 

പ്രിൻസിപ്പൽ ശ്രീ.സണ്ണി ജോസഫ് സാറിന്റെയും ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ സാറിന്റെയും നേതൃത്വത്തിൽ പഠന -പഠ്യേതര പ്രവർത്തനങ്ങളിൽ ഒരു പോലെ ശ്രദ്ധ ചെലുത്തിക്കൊണ്ട് മനോഹരമായ ഒരു അധ്യയനവർഷത്തിലൂടെ ആണ് പ്രവിത്താനം സെന്റ് മൈക്കിൾസ് കടന്നുപോകുന്നത്. എന്നും ഓർമ്മയിൽ നില്ക്കുന്ന ഒരു പ്രവർത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ഹ്രസ്വ ചിത്രത്തിന്റെ നിർമാണത്തിലേയ്ക്ക് പ്രവിത്താനം സെന്റ് മൈക്കിൾസ് കടന്നത്. എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും പൂർണമായ പിന്തുണ ഈ സംരംഭത്തിന് ഉണ്ടായിരുന്നു. സ്കൂളിലെ ക്യാമറയും മൊബൈൽക്യാമറകളും ഉപയോഗിച്ച് ഒരു ക്ലാസ്സ്‌ പോലും നഷ്ടപ്പെടുത്താതെ കഴിഞ്ഞ ഓണാവധികാലത്താണ് ചിത്രീകരണം നടത്തിയത്.ചിത്രം കാണുമ്പോൾ അഞ്ചു മിനിറ്റ് മാത്രമേ ദൈർഘ്യം ഉള്ളൂ എങ്കിലും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ചിത്രനിർമ്മാണ പ്രക്രിയ.സമയം, ഓണക്കാലത്തെ കാലാവസ്ഥ, സാമ്പത്തികം ഇങ്ങനെ പലതും. സ്റ്റുഡിയോ സംവിധാനങ്ങൾ ഉപയോഗിച്ചാൽ അൻപതിനായിരം രൂപ എങ്കിലും ചിലവാകേണ്ട സ്ഥാനത്തു വളരെ കുറഞ്ഞ ചെലവിൽ ആണ് സീഡ് പൂർത്തിയായത്.

അലൻ സോണി, അലൻ ബാബു, അലൻ സാബു എന്നീ വിദ്യാർത്ഥികളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അതുൽ സി രാജ്, അബിൻ ബിനോയി എന്നിവർ ആണ് ക്യാമറയിൽ പകർത്തിയത്. സാങ്കേതികമായ എല്ലാ നിർദേശങ്ങളും നൽകിയ പ്രവിത്താനം സ്കൂളിലെ പൂർവ്വവിദ്യാർത്ഥി പ്രവീൺ കരിക്കുന്നേൽ ആയിരുന്നു.
ഇതിൽ ഒരു കഥ കണ്ടെത്താൻ ശ്രമിക്കരുത്. ഓരോ സീനുകളും ആസ്വാദകന് വ്യാഖ്യാനിക്കാൻ അവസരം നൽകിക്കൊണ്ട് പ്രവിത്താനം സ്കൂളിന്റെ ഹരിതാഭ പൂർണമായും ഒപ്പിയെടുക്കാൻ നന്നായി ശ്രമിച്ചിട്ടുണ്ട്.

കുട്ടികൾക്ക് പ്രകൃതിയോടുള്ള മനോഭാവം ഉപയോഗത്തിന്റേതു മാത്രം ആയിരിക്കരുത് എന്നും പ്രകൃതിയെ അടുത്തറിഞ്ഞാണ് കുട്ടികൾ വളരേണ്ടത് എന്നുമുള്ള സന്ദേശമാണ് ഹ്രസ്വചിത്രം നൽകുന്നത്. മനുഷ്യരുടെ എല്ലാം മനസ്സിൽ "seed "കൾ ഉണ്ട്. പ്രകൃതിയോടുള്ള, മനുഷ്യനോടുള്ള സ്നേഹത്തിന്റെ, കരുതലിന്റെ, വളർച്ചയുടെ, ആത്മസാക്ഷാത്‍കാരത്തിന്റെ വിത്തുകൾ.. അവ സ്വാർത്ഥലാഭത്തിനു വേണ്ടി ഇല്ലാതാക്കരുത്. മുളയ്ക്കാൻ,വളരാൻ, പുഷ്പിക്കാൻ, ഫലം ചൂടാൻ അവസരം നൽകണം എന്ന വലിയ സന്ദേശം അഞ്ചുമിനിറ്റിനുള്ളിൽ നൽകാനുള്ള വലിയ ശ്രമമാണ് ഈ ഹ്രസ്വചിത്രം.

കേരള വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം"എന്ന പരിപാടിക്കായി പ്രവിത്താനം സ്കൂളിലെ അധ്യാപകരും കുട്ടികളും ചലച്ചിത്ര നടി മിയയെ സന്ദർശിച്ചപ്പോൾ മിയ ഹൃസ്വചിത്രം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സ്കൂൾ മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ പടിക്കകുഴുപ്പിൽ, അസി. മാനേജർ. റവ. ഫാ. തോമസ് പട്ടേരി, പി. ടി. എ പ്രസിഡണ്ട്‌ സോണി മൈക്കിൾ തെക്കേൽ എന്നിവരുടെ പ്രോത്സാഹനങ്ങൾ ഈ ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായിരുന്നു.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പാലാ DEO ബഹുമാനപ്പെട്ട പി. കെ. ഹരിദാസ് സാറാണ് പ്രകാശനകർമ്മം നിർവഹിച്ചത്. സ്കൂൾ മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ പടിക്കകുഴുപ്പിൽ, ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ, പി. ടി. എ പ്രസിഡന്റ്‌ സോണി മൈക്കിൾ തെക്കേൽ, ജോജിമോൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
https://youtu.be/YsHCfxNomOo ഈ ലിങ്കിൽ ഷോർട്ട് ഫിലിം കാണാവുന്നതാണ്.

Other News