Thursday, 21 November 2024

പ്രോപ്പർട്ടി മാർക്കറ്റിൽ പുത്തൻ ഉണർവ്വുമായി ബോറിസ് ബൗൺസ്. കച്ചവടത്തിൽ 12% വർദ്ധനവുണ്ടായതായി കണക്കുകൾ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരി മാസത്തിൽ 12% വരെ വിൽപ്പന വർദ്ധിച്ചെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ പ്രോപ്പർട്ടി മാർക്കറ്റിംഗ് പോർട്ടലായ റൈറ്റ്മൂവ്‌ അഭിപ്രായപ്പെടുന്നു. പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ വാങ്ങലുകാരിൽ നിന്നുള്ള ഡിമാൻഡ് കുതിച്ചുയർന്നത് കഴിഞ്ഞ മാസം പ്രോപ്പർട്ടി വില 0.8 ശതമാനം ഉയർത്തിയതായി പ്രോപ്പർട്ടി വെബ്‌സൈറ്റ് അറിയിച്ചു. പ്രോപ്പർട്ടി മാർക്കറ്റിലെ പുത്തൻ ഉണർവ്വ് വീടിന്റെ വില റെക്കോർഡ് നിലയിലേക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിൽ ഉണ്ടായ കാല താമസവും, തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും പിടിച്ചുലച്ച ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥയിൽ ബോറിസ് ബൗൺസ്‌ കാര്യമായ ചലനം സൃഷ്ടിച്ച് തുടങ്ങി എന്നതിന്റെ സൂചനയായാണ് പ്രോപ്പർട്ടി മേഖലയിലെ വിദഗ്ദർ ഈ കുതിപ്പിനെ വിലയിരുത്തുന്നത്. കൊടുക്കൽ വാങ്ങലുകൾക്ക് ഏറ്റവും അനുയോജ്യമായ വർഷമായാണ് 2020 നെ റൈറ്റ്മൂവിന്റെ പ്രോപ്പർട്ടി വിദഗ്ധനായ മൈൽസ് ഷിപ്പ്സൈഡ് കരുതുന്നത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം വില £2,500 ഉയർന്നു. ജനുവരിയിൽ മാത്രം റൈറ്റ്മൂവ് പോർട്ടലിൽ 152 മില്യൺ വിസിറ്റുകൾ രേഖപ്പെടുത്തി. 2014-15 നു ശേഷം ഇപ്പോഴാണ് ഭവന വിലയിൽ യുകെയിൽ ഒരു വലിയ കുതിപ്പ് ഉണ്ടാകുന്നത്. പുതിയ ഗവൺമെന്റിന്റെ ആദ്യത്തെ ബഡ്ജറ്റ് അവതരണം വരാനിരിക്കെ ബജറ്റിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നത് വാണിജ്യ ഇടപാടിനെ കാര്യമായി ബാധിക്കാനും സ്പ്രിംഗ് സീസൺ ആകുമ്പോഴേക്കും കച്ചവടത്തിൽ മാന്ദ്യം സംഭവിക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. വാങ്ങുന്നവർ അവരുടെ ഹൗസിംഗ് ബഡ്ജറ്റ് കൂട്ടുന്നതിൽ താല്പര്യം പ്രകടിപ്പിക്കുന്നത് നന്നേ കുറവായതു കൊണ്ട് വില്പന വില പ്രായോഗികമാണോ എന്നതു കൂടി പ്രോപ്പർട്ടി മാർക്കറ്റിനെ ബാധിക്കും എന്ന് പുതിയ റൈറ്റ്മൂവ് ഡാറ്റാ ചൂണ്ടി കാട്ടുന്നു.

 

Other News