Saturday, 23 November 2024

ഹോം ഓഫീസിൽ പ്രിതി പട്ടേൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നെന്ന് വിമർശനം. സീനിയർ ഇമിഗ്രേഷൻ ഒഫീഷ്യൽ രാജിവച്ചു. മറ്റൊരാൾ കുഴഞ്ഞു വീണു.

ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രിതി പട്ടേലിൻ്റെ ഭരണ രീതിയ്ക്കെതിരെ വ്യാപകമായ വിമർശനമുയരുന്നു. ഹോം ഓഫീസിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് അവരുടെ നയങ്ങളെന്ന് സിവിൽ സെർവൻറുകൾ പരാതി ഉന്നയിച്ചു കഴിഞ്ഞു. യുകെ വിസാ ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട് ഓഫീസ് ഡയറക്ടർ ജനറലായ മാർക്ക് തോംസൺ ഹോം സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് രാജിവച്ചു. ഇമിഗ്രേഷൻ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പട്ടേലിൻ്റെ സമീപനങ്ങളുടെ പരിണിത ഫലങ്ങളാണ് മാർക്ക് തോംസണിൻ്റെ തീരുമാനത്തിൽ ദൃശ്യമായതെന്ന് സ്റ്റാഫ് യൂണിയൻ്റെ ലീഡറായ മൈക്ക് ജോൺസ് പറഞ്ഞു.

ഹോം ഓഫീസിലെ ഒഫീഷ്യലുകൾക്ക് സമ്മതമല്ലാത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രിതി പട്ടേൽ ശ്രമിച്ചതു മൂലം ഉണ്ടായ അസുഖകരമായ അന്തരീക്ഷത്തിൻ്റെ വെളിച്ചത്തിൽ താൻ ജോലി ഉപേക്ഷിച്ചേക്കുമെന്ന് മാർക്ക് തോംസൺ മുമ്പ് മുന്നറിയിപ്പ് നല്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന എക്റ്റിൻഷ്യൻ റിബെല്യണിനെതിരെ എന്തുകൊണ്ടാണ് പോലീസ് ബലപ്രയോഗം നടത്താത്തത് എന്ന് പ്രിതി പട്ടേൽ ആരാഞ്ഞിരുന്നു. പട്ടേലുമായുള്ള ഒരു മീറ്റിംഗിനു ശേഷം ഒരു ഒഫീഷ്യൽ കുഴഞ്ഞു വീണതായും റിപ്പോർട്ട് ഉണ്ട്.

ഫോറിൻ ക്രിമിനലുകളെ ജമൈയ്ക്കയ്ക്ക് നാടുകടത്താനുള്ള തീരുമാനത്തിന് എതിരായ കോടതി വിധിയെ മറികടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രാത്രി മുഴുവൻ ജോലി ചെയ്ത് നിയമ വശങ്ങൾ തയ്യാറാക്കിയ ഒരു ടോപ്പ് ലെവൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെൻറ് ഒഫീഷ്യൽ അസുഖബാധിതനായി ഹോസ്പിറ്റലിൽ അഡ്മിറ്റായതായും പറയപ്പെടുന്നു. ഹോം ഓഫീസിൽ 5,000 ലധികം എംപ്ലോയികളെ മാനേജ് ചെയ്തിരുന്ന മാർക്ക് തോംസൺ ആ ഡിപ്പാർട്ട്മെൻ്റിലെ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന സീനിയർ ഒഫീഷ്യൽ ആയിരുന്നു.
 

Other News