"ലോകം കത്തിയെരിയുമ്പോൾ ഞാൻ നിശബ്ദയാവില്ല". ബ്രിസ്റ്റോളിനെ സ്തംഭിപ്പിച്ച് 30,000 ത്തോളം സ്കൂൾ കുട്ടികളും യുവജനങ്ങളും ആഗോള താപനത്തിനെതിരെ ഗ്രേറ്റ റ്റുൻബെർഗിനൊപ്പം റാലി നടത്തി.
യുകെയിലെമ്പാടും നിന്നും യുവജനങ്ങളും സ്കൂൾ കുട്ടികളും ഇന്നലെ ബ്രിസ്റ്റോളിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. സ്കൂളുകൾ ബഹിഷ്കരിച്ചാണ് കുട്ടികൾ ഗ്രേറ്റ റ്റുൻ ബർഗിനൊപ്പം ആഗോള താപനത്തിനെതിരെ പ്രതികരിക്കാൻ തെരുവിലിറങ്ങിയത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകവ്യാപകമായി ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന 17 കാരിയായ ഗ്രേറ്റ റ്റുൻബർഗ് എന്ന സ്വീഡിഷ് പെൺകുട്ടി ഇന്ന് ലോകത്തിൻ്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. ഗ്രേറ്റയുടെ പ്രസംഗം കേൾക്കാനായി എത്തിച്ചേർന്ന ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയർന്ന ഗ്രേറ്റ വിളികളാൽ ബ്രിസ്റ്റോൾ മുഖരിതമായി.
കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ലോകനേതാക്കൾ കൊച്ചു കുട്ടികളെപ്പോലെ പെരുമാറുകയാണെന്ന് ഗ്രേറ്റ കുറ്റപ്പെടുത്തി. മനോഹരമായ വാക്കുകളും വാഗ്ദാനങ്ങളുമല്ലാതെ ഭരണാധികാരികൾ പ്രകൃതിയെ സംരക്ഷിക്കുവാൻ ഒന്നും ചെയ്യുന്നില്ലെന്ന് ഗ്രേറ്റ റ്റുൻബെർഗ് പറഞ്ഞു. ഈ നിർണായ ഘട്ടത്തിൽ കാഴ്ചക്കാരിയായി നിൽക്കാൻ തനിക്കാവില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഗ്രേറ്റ റ്റുൻബെർഗ് പങ്കെടുക്കുന്ന റാലിയിലെ അഭൂതപൂർവ്വമായ ജനബാഹുല്യം കണക്കിലെടുത്ത് വൻ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്.
UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS