കൊറോണയെ നേരിടാൻ എൻഎച്ച്എസിന് ആവശ്യമുള്ളത്രയും ഫണ്ടിംഗ് ട്രഷറി നല്കുമെന്ന് ചാൻസലർ. യുകെയിൽ കേസുകൾ 273 ആയി. ഇറ്റലിയിൽ 16 മില്യൺ ജനങ്ങൾ ലോക്ക് ഡൗണിൽ.
കൊറോണയെ നേരിടാൻ എൻഎച്ച്എസിന് ആവശ്യമുള്ളത്രയും ഫണ്ടിംഗ് ട്രഷറി നല്കുമെന്ന് ചാൻസലർ റിഷി സുനാക്ക് അറിയിച്ചു. ബുധനാഴ്ച ബഡ്ജറ്റിൽ ഇതിനായുള്ള മാർഗങ്ങൾ വിശദീകരിക്കും. ശക്തമായ സാമ്പത്തിക അടിത്തറയുണ്ടെന്നും അതിനാൽ അധിക ഫണ്ടിംഗ് നല്കാൻ സാധിക്കുമെന്നും ചാൻസലർ പറഞ്ഞു. കൊറോണ ബാധ മൂലം പ്രതിസന്ധിയിലാവുന്ന വ്യക്തികൾക്കും ബിസിനസുകൾക്കും വേണ്ട സാമ്പത്തിക പിന്തുണ ട്രഷറി നല്കും. ഇൻഫെക്ഷൻ പടരുന്നത് ബിസിനസുകളെ കാര്യമായി ബാധിക്കുമെന്നും എന്നാലിത് താത്കാലികം മാത്രമായിരിക്കുമെന്നും റിഷി സുനാക്ക് അഭിപ്രായപ്പെട്ടു.
ബ്രിട്ടണിൽ കൊറോണ ബാധിതരുടെ എണ്ണം 273ലേയ്ക്ക് ഉയർന്നു. ഇന്ന് പുതിയതായി 64 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 23,513 പേരെ ഇതുവരെ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ 16 മില്യൺ ജനങ്ങളെ ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. 11 പ്രൊവിൻസുകളെ പൂർണമായും ഐസൊലേഷനിലാക്കി. ഇവിടെ ക്വാരൻറിൻ സോണിന് പുറത്തു പോയാൽ ഫൈനോ മൂന്നു മാസത്തെ ജയിൽവാസമോ ശിക്ഷയായി ലഭിക്കും. ഇറ്റലിയിൽ മരണസംഖ്യ 233 ൽ നിന്ന് 366 ആയി ഒറ്റ ദിവസം കൊണ്ട് ഉയർന്നു. ഇവിടെ 7375 പേർക്ക് രോഗബാധയുണ്ട്.