Friday, 10 January 2025

കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ അടച്ചാൽ കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകാൻ തയ്യാറെടുത്ത് ചാരിറ്റി സംഘടനകൾ

കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ അടച്ചാൽ കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകാൻ ചാരിറ്റി സംഘടനകൾ തയ്യാറെടുക്കുന്നു. പട്ടിണിക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് സ്കൂളുകൾ, സ്കൂളുകൾ അടച്ചാൽ 3 മില്യൺ വരെ വിദ്യാർത്ഥികളെ അത് ബാധിക്കുമെന്ന് ഫീഡിംഗ് ബ്രിട്ടൻ പറയുന്നു. കുട്ടികൾക്ക്‌ സൗജന്യ ഭക്ഷണം ലഭ്യമാക്കാൻ കാന്റർബറി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഒരു ചാരിറ്റി തയ്യാറെടുപ്പു തുടങ്ങി. കോൺ‌വാൾ, ലെസ്റ്റർ, ബാൺസ്‌ലി, സൗത്ത് ഷീൽഡ്സ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ 12 മേഖലകളിൽ ഭക്ഷ്യ ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾക്ക് മുൻകൈ എടുക്കുന്ന ഫീഡിംഗ് ബ്രിട്ടൺ, സമ്മർ വെക്കേഷൻ ദിവസങ്ങളിൽ ദരിദ്രരായ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് സമാനമായ അടിയന്തിര പരിപാടികൾ ആരംഭിക്കും.

യുകെയിലെ മിക്ക സ്കൂളുകളും കുട്ടികൾക്ക് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും കൊടുക്കുന്നുണ്ട്, അതുകൊണ്ട് സ്കൂളുകൾ അടച്ചാൽ ഭക്ഷണ വിതരണം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ, ഇൗ വീഴ്ചയെ നേരിടാൻ കൂടുതൽ സന്നദ്ധ പ്രവർത്തകരെ നിയമിക്കണമെന്ന് 700 ലധികം ഹോളിഡേ ഫുഡ് പ്രോജക്ടുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫെയർഷെയർ എന്ന ചാരിറ്റി അഭ്യർത്ഥിച്ചു.

വൈറസ് വ്യാപനം തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായാണ് സ്കൂളുകൾക്ക് അവധി നൽകുന്നത്. എന്നാൽ, ഐടി ഇൻഫ്രാസ്ട്രക്ചർ വേണ്ടത്ര വിപുലമല്ലാത്തതിനാൽ അടച്ചുപൂട്ടലുകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകർ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഐടി സൗകര്യങ്ങളോ പരിധിയില്ലാത്ത ഡാറ്റ ആക്‌സസ്സും ഉണ്ടെന്ന് കണക്കാക്കാനാവില്ല. അതുകൊണ്ട് വിദൂര പഠന പദ്ധതികളും വേണ്ടത്ര ഫലം കാണില്ല. 

 

Other News