Sunday, 06 October 2024

"ദയവായി PPE ലഭ്യമാക്കാൻ നടപടി എടുക്കണം"... എൻഎച്ച്എസിലെ PPE ഷോർട്ടേജിനെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്കിയ ഡോക്ടർ കോവിഡ് മൂലം മരണമടഞ്ഞു.

മാർച്ച് 18 ന് ഡോക്ടർ അബ്ദുൾ മാബുദ് ചൗധരി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു സന്ദേശമയച്ചു." പ്രിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മിസ്റ്റർ ബോറിസ് ജോൺസൺ, എൻഎച്ച്എസിലെ എല്ലാ ഹെൽത്ത് കെയർ വർക്കേഴ്സിനും അടിയന്തിരമായി പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറ് ലഭ്യമാണെന്ന് ഉറപ്പു വരുത്തണം. ഞങ്ങൾ പേഷ്യൻറുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെടുന്ന ഡോക്ടറോ, നഴ്സോ, ഹെൽത്ത് കെയർ അസിസ്റ്റൻ്റോ, അലൈഡ് ഹെൽത്ത് വർക്കേഴ്സോ ഒക്കെയാണെങ്കിലും രോഗഭീതിയല്ലാതെ കുടുംബത്തോടും കുട്ടികളോടുമൊപ്പം ജീവിക്കാനുള്ള മാനുഷിക അവകാശം ഞങ്ങൾക്കുമുണ്ട്‌. ഞങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അഭിനന്ദനങ്ങൾ പ്രചോദനം നല്കുന്നതാണെങ്കിലും ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ഷനുള്ള എക്യുപ്മെൻ്റുകൾ ഞങ്ങളുടെ സംരക്ഷണത്തിനായി ലഭ്യമാകണം. ശരിയായ മെഡിക്കൽ സർവീസ് നല്കുവാനാവശ്യമായ കുറഞ്ഞ നിലയിലുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങളെങ്കിലും ലഭിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. അതല്ലെങ്കിൽ വരുംതലമുറ ഈ പ്രഫഷനിൽ നിന്നും അകന്നു പോകും. പേഷ്യൻ്റിന് രോഗം പകരുന്നത് ഒഴിവാക്കാൻ ഞങ്ങൾക്കും ഫാസ്റ്റ് ട്രാക്ക് കൊറോണ വൈറസ് ടെസ്റ്റിന് അവസരമൊരുക്കണം".

സന്ദേശമയച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് യൂറോളജി കൺസൾട്ടൻ്റായ 53 കാരനായ ഡോ. ചൗധരി ഹോസ്പിറ്റലിൽ അഡ്മിറ്റായി. 15 ദിവസത്തോളം ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു രാവിലെ രോഗത്തിനു കീഴടങ്ങി. അദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. റോംഫോർഡിലെ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ഈസ്റ്റ് ലണ്ടനിലെ ഹോമേർട്ടൺ ഹോസ്പിറ്റലിലാണ് ഡോ. ചൗധരി ജോലി ചെയ്തിരുന്നത്.

Other News