Wednesday, 25 December 2024

കൊറോണ വാക്സിൻ ട്രയലിൻ്റെ ആദ്യഫലങ്ങൾ ജൂണിൽ അറിയാം. വിജയകരമായാൽ മാസ് പ്രൊഡക്ഷൻ നടത്താൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാ സെനക്കയും ധാരണയിലെത്തി

യുകെയിൽ നടന്നുകൊണ്ടിരിക്കുന്ന കൊറോണ വാക്സിൻ ട്രയലിൻ്റെ ആദ്യഫലങ്ങൾ ജൂൺ പകുതിയോടെ അറിയാം. ട്രയൽ വിജയകരമായാൽ മാസ് പ്രൊഡക്ഷൻ നടത്താൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാ സെനക്കയും ഇന്ന് ധാരണയിലെത്തി. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ചകളിൽ ലഭ്യമാകും. ഹ്യൂമൻ ട്രയൽ വിജയകരമെന്ന് തെളിഞ്ഞാൽ വാക്സിൻ വൻതോതിൽ ഉല്പാദിപ്പിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ത്വരിതഗതിയിൽ വാക്സിനേഷൻ ആരംഭിക്കാൻ ആണ് പദ്ധതിയിടുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ ട്രയൽ കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. 800 ഓളം വോളണ്ടിയേഴ്സിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. 20 മില്യൺ പൗണ്ട് ഫണ്ട് ബ്രിട്ടീഷ് ഗവൺമെൻ്റ് വാക്സിൻ ട്രയലിനായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയ്ക്ക് നല്കിയിട്ടുണ്ട്.

വാക്സിൻ ട്രയലിലെ ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയുമായുള്ള പാർട്ണർഷിപ്പ് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രയത്നത്തിലെ അതിപ്രധാനമായ കാര്യമാണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മെഡിസിൻ പ്രഫസറായ സർ ജോൺ ബെൽ അഭിപ്രായപ്പെട്ടു. വാക്സിന് ഡ്രഗ് റെഗുലേറ്ററിൻ്റെ അനുമതി കിട്ടിയാലുടൻ വൻതോതിൽ ഉൽപാദനം നടത്തുകയെന്നത് വൻ വെല്ലുവിളിയുയർത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനം ഉള്ളിടത്തോളം കാലം വാക്സിൻ ഉൽപാദനം നോൺ പ്രോഫിറ്റ് അടിസ്ഥാനത്തിൽ നടത്താനാണ് ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയും തീരുമാനത്തിലെത്തിയിരിക്കുന്നത്. ഉൽപ്പാദനത്തിനും വിതരണത്തിനുമുള്ള തുകയെ ഈടാക്കുകയുള്ളൂ. ഓക്സ് ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയും തമ്മിലുള്ള ധാരണ അത്യന്തം പ്രധാന്യമുള്ളതും സ്വാഗതാർഹവുമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു.

ഇംപീരിയൽ കോളജ് ലണ്ടനും മറ്റൊരു കൊറോണ വാക്സിൻ വികസിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിൻ്റെ ട്രയൽ സമ്മറിൽ തുടങ്ങും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നൂറോളം വാക്സിൻ ട്രയലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മേർസ് വൈറസിനുള്ളതടക്കമുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ വിജയകരമായ പങ്കുവഹിച്ചിട്ടുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വാക്സിൻ ട്രയൽ പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കുകയാണ്.

ഏപ്രിൽ 23 നാണ് കൊറോണ വാക്സിൻ്റെ യൂറോപ്പിലെ ആദ്യ ഹ്യൂമൻ ട്രയലിന് ഓക്സ്ഫോർഡിൽ തുടക്കം കുറിച്ചത്. ആദ്യ വാക്സിൻ നൽകിയത് സയൻറിസ്റ്റായ 32 കാരി ഡോ. എലിസാ ഗ്രേനാറ്റോയ്ക്കാണ്. പരീക്ഷണം നടത്തുന്നതിൻ്റെ ഭാഗമായി 800 ഓളം പേർക്ക് വാക്സിൻ നൽകുന്നുണ്ട്. വോളണ്ടിയർമാരിൽ പകുതിയോളം പേർക്ക് കോവിഡ് - 19 വാക്സിൻ നൽകും. മറ്റുള്ളവർക്ക് നൽകുന്നത് മെനിംഞ്ജൈറ്റിസ് വാക്സിനാണ്. എന്നാൽ ഏതു വാക്സിനാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തുകയില്ല. ഈ വിവരം ഡോക്ടർമാർക്ക് മാത്രമേ അറിയാൻ കഴിയൂ.

മൂന്നു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വാക്സിൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ടീം വികസിപ്പിച്ചെടുത്തത്. ജെന്നിഫർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസറായ സാറാ ഗിൽബെർട്ടാണ് പ്രീ - ക്ലിനിക്കൽ ട്രയൽ നയിച്ചത്. വാക്സിൻ ഫലപ്രദമാകാൻ 80 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. ലോക്കൽ ഹെൽത്ത് കെയർ വർക്കേഴ്സിനാണ് വാക്സിൻ ട്രയലിൽ മുൻഗണന നല്കുന്നത്. ഇവർക്ക് കൊറോണ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാലാണിത്.

 

For reading other news click here or please tap the HOME button on the page

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

Other News