Sunday, 06 October 2024

ഇംഗ്ലണ്ടിൽ സ്കൂളുകൾ മാർച്ച് 8 ന് തുറക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും ജൂൺ 21 ന് അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കൊറോണ ഇൻഫെക്ഷനെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന നാഷണൽ ലോക്ക് ഡൗൺ ലഘൂകരിക്കുന്നതിൻ്റെ റോഡ് മാപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെൻറിൽ ഇന്ന് പ്രഖ്യാപിച്ചു. ഇതിൻ്റെ ആദ്യ ഭാഗമായി എല്ലാ സ്കൂളുകളും മാർച്ച് 8 ന് തുറക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും ജൂൺ 21 ന് അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നാലു ഘട്ടങ്ങളായാണ് ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുന്നത്. വാക്സിനേഷൻ, ഇൻഫെക്ഷൻ റേറ്റ്, കൊറോണ വൈറസിൻ്റെ പുതിയ വകഭേദങ്ങൾ എന്നിവ വിലയിരുത്തിയതിനു ശേഷമാണ് അടുത്ത ഘട്ടങ്ങളിലേയ്ക്ക് കടക്കുകയെന്ന് ബോറിസ് പറഞ്ഞു.

മാർച്ച് 8 ന് സ്കൂളുകൾ തുറക്കുന്നതിനോടൊപ്പം സ്കൂൾ സമയത്തിനു ശേഷമുള്ള സ്പോർട്സ് - ആക്ടിവിറ്റികളും പുനരാരംഭിക്കും. ഔട്ട് ഡോർ പബ്ളിക് സ്പേസുകളിൽ രണ്ടാളുകൾക്ക് ഒരുമിച്ച് സമയം ചിലവഴിക്കാം.

മാർച്ച് 29 മുതൽ രണ്ടു വ്യത്യസ്ത ഭവനങ്ങളിൽ ഉള്ളവർക്കോ മാക്സിമം ആറ് പേരടങ്ങുന്ന  ഗ്രൂപ്പുകൾക്കോ ഔട്ട് ഡോറിൽ ഒന്നിച്ചു ചേരാവുന്നതാണ്. പ്രൈവറ്റ് ഗാർഡനുകളിൽ ഒത്തുചേരുന്നതിനും അനുമതി നല്കുമെന്നാണ് കരുതുന്നത്. ടെന്നീസ്, ബാസ്കറ്റ് ബോൾ തുടങ്ങിയവയ്ക്കായി ഔട്ട് ഡോർ കോർട്ടുകൾ തുറക്കുന്നതാണ്. മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള ഔട്ട് ഡോർ ഫുട്ബോൾ ആക്ടിവിറ്റികൾക്കും അനുമതിയുണ്ട്.

ഏപ്രിൽ 12 മുതൽ നോൺ എസൻഷ്യൽ ഷോപ്പുകൾ, ഹെയർ ഡ്രസേഴ്സ്, ലൈബ്രറി - മ്യൂസിയം തുടങ്ങിയ പബ്ളിക് ബിൽഡിംഗുകൾ എന്നിവ തുറന്നു പ്രവർത്തനമാരംഭിക്കും. ഇൻഡോർ സ്വിമ്മിംഗ് പൂളുകൾ, ജിം എന്നിവയും തുറക്കും. രണ്ടു വ്യത്യസ്ത ഭവനങ്ങളിൽ നിന്നുള്ളവർ ഇൻഡോറിൽ ഒന്നിച്ചു ചേരാൻ ഇക്കാലയളവിൽ അനുമതിയില്ല. വെഡ്ഡിംഗിന് 15 പേർക്കും ഫ്യൂണറലിന് 30 പേർക്കും അനുമതി നല്കും.

മെയ് 17 മുതൽ റൂൾ ഓഫ് സിക്സ് നിർത്തലാക്കും. 30 പേർക്ക് വരെ ഔട്ട് ഡോറിൽ ഒന്നിച്ചു ചേരാവുന്നതാണ്. ഇൻഡോറിൽ രണ്ടു ഭവനങ്ങളിൽ നിന്നുള്ളവർക്ക് ഒന്നിച്ചു ചേരാം. സിനിമകൾ, ഹോട്ടലുകൾ, സ്പോർട്ടിംഗ് വെന്യൂകൾ എന്നിവിടങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ തുടരും.  വലിയ ഔട്ട് ഡോർ സ്റ്റേഡിയങ്ങളിൽ 10,000 പേർക്ക് വരെ പ്രവേശനാനുമതി ലഭിക്കും. വെഡ്ഡിംഗ്, ഫ്യൂണറൽ എന്നിവയിൽ 30 പേർക്ക് പങ്കെടുക്കാം.

ജൂൺ 21 മുതൽ സോഷ്യൽ കോണ്ടാക്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ലീഗൽ ലിമിറ്റുകളും നീക്കം ചെയ്യും. നൈറ്റ് ക്ളബുകൾ അടക്കമുള്ളവ തുറന്നു പ്രവർത്തിക്കും. വെഡിംഗ്, ഫ്യൂണറൽ എന്നിവയിലെ എല്ലാ നിയന്ത്രണങ്ങളും ഈ തിയതി മുതൽ ഒഴിവാക്കാൻ കഴിയുമെന്ന് ഗവൺമെൻറ് പ്രതീക്ഷിക്കുന്നു.

Other News