Tuesday, 24 December 2024

റെയിൽ ഫെയറിൽ 33 ശതമാനം കുറവു വരുത്തുമെന്ന് ലേബർ പാർട്ടി. അണ്ടർ 16 ന് സൗജന്യ യാത്ര അനുവദിക്കും.

Premier News Desk

യുകെയിലെ റെയിൽ ട്രാൻസ്പോർട്ട് സംവിധാനത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ലേബർ പാർട്ടി. ഡിസംബർ 12 ന് നടക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് ഇലക്ഷനിൽ അധികാരത്തിലെത്തിയാൽ റെയിൽ നിരക്കുകളിൽ 33 ശതമാനം കുറവുവരുത്തുമെന്നാണ് പ്രഖ്യാപനം. കൂടാതെ അണ്ടർ 16 ന് സൗജന്യ യാത്ര അനുവദിക്കും. സെൻട്രൽ ഓൺലൈൻ ബുക്കിംഗ് പോർട്ടൽ ആരംഭിക്കും. ബുക്കിംഗ് ഫീസ് ഒഴിവാക്കും. പാർട്ട് ടൈം ജോലിക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കും.

യുകെയിലെ റെയിൽ നെറ്റ് വർക്ക് ദേശസാൽക്കരിക്കുക എന്നതാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയം. 2010 നു ശേഷം യാത്രാ നിരക്കിൽ വരുത്തിയിരിക്കുന്ന 40 ശതമാനത്തോളം വർദ്ധന ഒഴിവാക്കപ്പെടേണ്ടതാണെന്ന് പാർട്ടി കരുതുന്നു. ഈ മേഖലയിലെ സ്വകാര്യവൽക്കരണം ലോകത്തിലെ തന്നെ ചെലവേറിയ പബ്ളിക് ട്രാൻസ്പോർട്ടായി റെയിൽ സർവീസ് മാറിയെന്ന് പാർട്ടി വിലയിരുത്തി. ഇതു മൂലം പാർട്ട് ടൈം ജോലിക്കാരും പ്രായം കുറഞ്ഞവരും കുറഞ്ഞ വരുമാനമുള്ളവരും റെയിൽ യാത്ര ഒഴിവാക്കേണ്ടി വരുന്ന സ്ഥിതിവിശേഷം അഭിലഷണീയമല്ല എന്ന് പാർട്ടി കരുതുന്നു.

നിരക്കു കുറയ്ക്കുന്നതുമൂലം 1.5 ബില്യൺ പൗണ്ടിന്റെ അധിക ബാധ്യത ഉണ്ടാകും. എന്നാൽ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിയിൽ നിന്നുള്ള വരുമാനമുപയോഗിച്ച് ഇത് നികത്തുമെന്ന് ലേബർ പാർട്ടി പറയുന്നു. ജനുവരി മുതൽ റെയിൽ ചാർജ് 2.7 ശതമാനം വർദ്ധിക്കുമെന്നാണ് ഗവൺമെന്റ് നിലവിൽ അറിയിച്ചിരിക്കുന്നത്.

ദൈനംദിന യാത്രയ്ക്കായി കാറുകൾ ഉപയോഗിക്കുന്നവർ റെയിൽ സർവീസിലേയ്ക്ക് മാറുന്ന സ്ഥിതിയുണ്ടായാൽ മലിനീകരണത്തിന്റെ തോതിൽ കുറവു വരുത്താൻ അതിടയാക്കുമെന്നത് സീറോ കാർബൺ ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പിനെ സഹായിക്കുമെന്നും പാർട്ടി കരുതുന്നു.

Other News