Thursday, 21 November 2024

അധികാരത്തിലെത്തിയാൽ £150K ടാക്സ് ബാൻഡ് തിരികെ കൊണ്ടുവരുമെന്ന് ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ

അധികാരത്തിലെത്തിയാൽ £150K ടാക്സ് ബാൻഡ് തിരികെ കൊണ്ടുവരുമെന്ന് ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമർ പ്രഖ്യാപിച്ചു. ലിവർപൂളിൽ നടക്കുന്ന ലേബർ പാർട്ടി കോൺഫറൻസിൻ്റെ ആദ്യ ദിവസമായ ഇന്നാണ് ചാൻസലർ ക്വാസി കാർട്ടെംഗിൻ്റെ ടാക്സ് ഇളവ് പ്ളാനിനെതിരായ നിലപാട് സ്റ്റാമർ സ്വീകരിച്ചത്. ഉയർന്ന വരുമാനക്കാരായ 660,000 പേർക്ക് വൻ സാമ്പത്തിക ആനുകൂല്യം നൽകുന്ന ചാൻസലറുടെ തീരുമാനം റദ്ദാക്കുമെന്നാണ് പാർട്ടി നയം. ടാക്സ് ഇളവിലൂടെ £150,000 ലധികം വരുമാനമുള്ളവർക്ക് 10,000 പൗണ്ടോളം ടാക്സ് കുറച്ചുകൊടുത്താൽ മതി. ഉയർന്ന വരുമാനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം ആവശ്യമില്ലെന്ന നിലപാടിലാണ് ലേബർ പാർട്ടി.

അടിസ്ഥാന ടാക്സ് നിരക്ക് 19 പെൻസായി കുറച്ചത് തുടരണമെന്നാണ് ലേബർ പാർട്ടിയുടെ നയം. വർക്കിംഗ് ക്ളാസിലുള്ളവർക്ക് ടാക്സ് ബാധ്യത കുറയ്ക്കണമെന്നാണ് ലേബർ പാർട്ടി ആഗ്രഹിക്കുന്നതെന്ന് സ്റ്റാമർ പറഞ്ഞു. അതിനാലാണ് നാഷണൽ ഇൻഷുറൻസ് നിരക്ക് ഉയർത്താനുള്ള തീരുമാനത്തെ പാർട്ടി എതിർത്തത്. ക്വാസി കാർട്ടെംഗ് പ്രഖ്യാപിച്ച വളർച്ചാ പദ്ധതി വിരൽ ചൂണ്ടുന്നത്, കഴിഞ്ഞ 12 വർഷത്തെ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ ഭരണം സാമ്പത്തിക പരാജയത്തിലേയ്ക്ക് രാജ്യത്തെ നയിച്ചുവെന്നാണെന്ന് ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.

Other News