യുകെയിലെ നാണയപ്പെരുപ്പ നിരക്ക് 10.1 ശതമാനമായി. ഫുഡിൻ്റെയും നോൺ ആൽക്കഹോളിക് ഡ്രിങ്കിൻ്റെയും വില 14.6 ശതമാനം ഉയർന്നു
യുകെയിലെ നാണ്യപ്പെരുപ്പ നിരക്കിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി. ഇന്ന് പുറത്തുവിട്ട കണക്കനുസരിച്ച് സെപ്റ്റംബറിൽ അവസാനിച്ച കഴിഞ്ഞ 12 മാസങ്ങളിൽ നാണ്യപ്പെരുപ്പം 10.1 ശതമാനമായി. കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 9.9 ശതമാനമായിരുന്നു. ഫുഡിൻ്റെയും നോൺ ആൽക്കഹോളിക് ഡ്രിങ്കിൻ്റെയും വില 14.6 ശതമാനം ഉയർന്നു. ഓഗസ്റ്റിൽ 13.1 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബറിലെ നാണ്യപ്പെരുപ്പ നിരക്കിൻ്റെ അടിസ്ഥാനത്തിലാണ് അടുത്ത ഏപ്രിലിൽ മുതലുള്ള പെൻഷൻ നിരക്ക് വർദ്ധന, ബെനഫിറ്റുകളുടെ നിരക്ക് എന്നിവ തീരുമാനിക്കുന്നത്. ജീവിതചിലവിലെ വർദ്ധന കഴിഞ്ഞ 40 വർഷങ്ങളിലെ റെക്കോർഡ് നിരക്കിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സ്റ്റേറ്റ് പെൻഷൻ എത്രമാത്രം വർദ്ധിപ്പിക്കുമെന്നത് സംബന്ധിച്ച് ഗൈഡു ലൈനുകൾ നിലവിലുണ്ട്. നാണ്യപ്പെരുപ്പ നിരക്ക്, വേജ് വർദ്ധന അല്ലെങ്കിൽ 2.5 ശതമാനം ഇവയിലേതാണോ കൂടുതൽ, അതിന് തത്തുല്യമായ വർദ്ധനയാണ് ഗവൺമെൻ്റ് സാധാരണയായി നൽകാറുള്ളത്. ഡിസേബിളിറ്റി ബെനഫിറ്റ്, പേഴ്സണൽ ഇൻഡിപെൻഡൻ്റ് പേയ്മെൻ്റ്, കെയറേഴ്സ് അലവൻസ് തുടങ്ങിയവയുടെ വർദ്ധന പ്രധാനമായും നാണ്യപ്പെരുപ്പ നിരക്കിനെ ആശ്രയിച്ചാണിരിക്കുന്നത്.