ഒസിഐ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നല്കിയിരിക്കുന്ന നിർദ്ദേശങ്ങൾ
ഒസിഐ കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ഇന്ത്യൻ എംബസികളിൽ ലഭിക്കുന്നത്. കാർഡ് യഥാസമയം പുതുക്കാത്തതിനാൽ ഇന്ത്യയിലേയ്ക്കുള്ള യാത്രയിൽ തടസം നേരിട്ടതായും വാർത്തകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒക്ടോബർ 23, 2019 ൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ഇവയാണ്.
1. ഇരുപത് വയസ് പ്രായമാകുന്നതുവരെ ഓരോ തവണ പാസ് പോർട്ട് പുതുക്കുമ്പോഴും ഒസിഐ കാർഡും പുതുക്കിയിരിക്കണം.
2. ഇരുപത് വയസ് കഴിഞ്ഞാൽ ഒരു തവണയേ ഒസിഐ കാർഡ് പുതുക്കേണ്ടതുള്ളു. ഇരുപത്തിഒന്നിനും അമ്പത് വയസിനും ഇടയിൽ പാസ്പോർട്ട് പുതുക്കിയാലും ഒസിഐ കാർഡ് പുതുക്കേണ്ടതില്ല. എന്നാൽ കാർഡ് ഹോൾഡർ ആഗ്രഹിക്കുന്നെങ്കിൽ ഒസിഐ മിസല്ലേനിയസ് സർവീസ് വഴി ഒസിഐ പുതുക്കാവുന്നതാണ്.
3. അമ്പതു വയസ് പൂർത്തിയായിക്കഴിഞ്ഞ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒരിക്കൽ മാത്രം ഒസിഐ കാർഡ് പുതുക്കിയാൽ മതി.
4. അമ്പതു വയസിലോ അതിനുശേഷമോ ഒസിഐ കാർഡ് ലഭിച്ചു കഴിഞ്ഞാൽ പിന്നീട് പുതുക്കേണ്ടതില്ല.
5. ആവശ്യമായ അവസരങ്ങളിൽ ഒസിഐ കാർഡു ഹോൾഡർ നിലവിലെ പാസ്പോർട്ടിനോടൊപ്പം പഴയ പാസ്പോർട്ടും കൂടെ കരുതേണ്ടതാണ്.