Friday, 22 November 2024

യുകെ എഡ്യൂക്കേഷൻ സിസ്റ്റം ലോകപ്രശസ്തം. കീ സ്റ്റേജ് ഒന്നിൽ തുടങ്ങി യൂണിവേഴ്സിറ്റി ഡിഗ്രി വരെ ഉന്നത നിലവാരത്തോടെ.

Premier News Desk UK

ബ്രിട്ടണിലെ എഡ്യൂക്കേഷൻ സിസ്റ്റം അതിന്റെ ഉന്നതമായ നിലവാരം കൊണ്ടും കർശനമായ വിലയിരുത്തൽ മാനദണ്ഡങ്ങൾ കൊണ്ടും ലോക രാജ്യങ്ങൾക്കിടയിൽ വളരെയധികം വിലമതിക്കുന്നതാണ്. മൂന്നു വയസു മുതൽ ആരംഭിക്കുന്ന വിദ്യാഭ്യാസം 5 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതമായി നല്കിയിരിക്കണം. ഏർളി ഇയർസ്, പ്രൈമറി, സെക്കണ്ടറി, ഫർതർ എഡ്യൂക്കേഷൻ, ഹയർ എഡ്യൂക്കേഷൻ എന്നിങ്ങനെ അഞ്ച് സ്റ്റേജുകളിലായി നിർബന്ധിത വിദ്യാഭ്യാസ കാലയളവിനെ തിരിച്ചിട്ടുണ്ട്. യുകെ എഡ്യൂക്കേഷൻ സിസ്റ്റം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ അതാതു പ്രദേശത്തിന്റെ രീതികൾക്കനുസരിച്ച് ചെറിയ തോതിലുള്ള വ്യതിയാനങ്ങളോടെയാണ് നടപ്പാക്കിയിരിക്കുന്നത്.

കീ സ്റ്റേജ് 1

പ്രൈമറി സ്കൂളുകളിലെ 5 മുതൽ 7 വയസ് വരെയുള്ള കുട്ടികൾ ഇതിൽപ്പെടും. കീ സ്റ്റേജ് 1 ൽ ഇംഗ്ലീഷ് ഭാഷ, മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ, ജിയോഗ്രഫി, മ്യൂസിക് എന്നിവയിൽ പ്രാഥമികമായ അറിവുകൾ പകർന്നു നല്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യവർഷത്തിൽ ഫോണിക്സ് കുട്ടികൾക്ക് പരിചയപ്പെടുത്തപ്പെടും. ഈ സ്റ്റേജിന്റെ അവസാനം ഇംഗ്ലീഷ്, മാത്സ്, സയൻസ് എന്നിവയിൽ കുട്ടികളുടെ അറിവു പരിശോധിക്കുവാനുള്ള എക്സാം ഉണ്ട്.

കീ സ്റ്റേജ് 2

ഏഴു വയസു മുതൽ 11 വയസു വരെയുള്ള കുട്ടികളാണ് കീ സ്റ്റേജ് 2 പരിധിയിൽ വരുന്നത്. പ്രധാന വിഷയങ്ങളിൽ അടുത്ത ഘട്ടത്തിലേയ്ക്കുള്ള ചുവടുവയ്പാണ് കുട്ടികൾ ഇതിൽ ചെയ്യുന്നത്. ഇംഗ്ലീഷ് റീഡിംഗ്, ഇംഗ്ലീഷ് ഗ്രാമർ, പംക്ചുവേഷൻ, സ്പെല്ലിംഗ്, മാത്തമാറ്റിക്സ്, സയൻസ് എന്നിവയിൽ ടെസ്റ്റുകൾ നടത്തപ്പെടും. ഇംഗ്ലീഷും മാത്സും നാഷണൽ അസസ്മെൻറ് ടെസ്റ്റ് പ്രകാരവും സയൻസ് വിഷയത്തിൽ ടീച്ചർമാർ ഇൻഡിപെൻഡന്റ് അസസ്മെൻറും നടത്തും.

കീ സ്റ്റേജ് 3

11 മുതൽ 14 വയസു വരെയുള്ള കുട്ടികൾ കീ സ്റ്റേജ് 3 യിൽ വരും. ഈ കാലഘട്ടം കുട്ടികളുടെ വിദ്യാഭ്യാസത്തിലെ വളരെ പ്രധാനപ്പെട്ട സമയമാണ്. ജിസിഎസ് ഇ നാഷണൽ ക്വാളിഫിക്കേഷൻ എക്സാമിന് തയ്യാറെടുക്കുന്നതിന് തൊട്ടു മുൻപുള്ള ഈ സ്റ്റേജിൽ ഇംഗ്ലീഷ്, മാത്സ്, സയൻസ്, ഹിസ്റ്ററി, ജിയോഗ്രഫി, ആർട്ട് ആൻഡ് ഡിസൈൻ, മ്യൂസിക്, ഫിസിക്കൽ എഡ്യൂക്കേഷൻ, മോഡേൺ ഫോറിൻ ലാംഗ്വേജസ്, ഡിസൈൻ ആൻഡ് ടെക്നോളജി, കമ്പ്യൂട്ടിംഗ് എന്നിവയിൽ കുട്ടികൾ കൂടുതൽ അറിവ് നേടുന്നു. ചില കുട്ടികൾ ഈ സ്റ്റേജിന് ശേഷം GCSE യോ മറ്റു നാഷണൽ ക്വാളിഫിക്കേഷനുകൾക്കോ ടെസ്റ്റ് ചെയ്യപ്പെടാറുണ്ട്.

കീ സ്റ്റേജ് 4

നിർബന്ധിത വിദ്യാഭ്യാസ കാലഘട്ടത്തിലെ അവസാന സ്റ്റേജിൽ ഉള്ള കീ സ്റ്റേജ് 4 കുട്ടികൾ 14 മുതൽ 16 വയസുവരെ പ്രായത്തിലുള്ളവരായിരിക്കും. നിർബന്ധിത നാഷണൽ കരിക്കുലം അനുസരിച്ചുള്ള ഈ സ്റ്റേജിൽ ഫൗണ്ടേഷൻ സബ് ജക്ടുകളും കോർ സബ്ജക്ടുകളും ഉണ്ടാവും. ഇംഗ്ലീഷ്, മാത്സ്, സയൻസ് എന്നിവയാണ് കോർ സബ്ജക്ടുകൾ. കമ്പ്യൂട്ടിംഗ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സിറ്റിസൺഷിപ്പ് എന്നിവയാണ് ഫൗണ്ടേഷൻ സബ്ജക്ടുകൾ. ഇതു കൂടാതെ ആർട്സ്, ഡിസൈൻ ആൻഡ് ടെക്നോളജി, ഹ്യുമാനിറ്റീസ്, മോഡേൺ ഫോറിൻ ലാംഗ്വേജസ് എന്നിവയിൽ ഒരു സബ്ജക്ട് സ്കൂളുകളിൽ പഠിപ്പിക്കാറുണ്ട്.

ഹയർ എഡ്യൂക്കേഷൻ

ലോകത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന യോഗ്യതകളും അറിവുമാണ് യുകെയിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നത്. ക്യാപിറ്റൽ സിറ്റി ഓഫ് ഹയർ എഡ്യൂക്കേഷൻ എന്നാണ് ലണ്ടൻ അറിയപ്പെടുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാവുമ്പോൾ വിദ്യാർത്ഥികൾ മൂല്യനിർണയത്തിനു വിധേയമാവുകയും അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഹയർ എഡ്യൂക്കേഷന് യോഗ്യത ഉള്ളവരും ഇല്ലാത്തവരുമായി വിഭജിക്കപ്പെടുകയുമാണ് ചെയ്യുന്നത്.

Other News