Monday, 23 December 2024

ചൈനയിൽ കൊറോണ വൈറസ് മൂലം ഇതു വരെ 106 മരണം. വുഹാനിലുള്ള 200 ബ്രിട്ടീഷ് പൗരന്മാരെ തിരികെക്കൊണ്ടുവരാൻ ശ്രമം തുടങ്ങി.

ചൈനയിൽ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി തുടരുന്നതിനാൽ വുഹാനിലുള്ള 200 ബ്രിട്ടീഷ് പൗരന്മാരെ തിരികെക്കൊണ്ടുവരാൻ ഗവൺമെന്റ് ശ്രമം തുടങ്ങി. ഇതു വരെ 106 പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്. കൂടാതെ 4000 ഓളം പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, അമേരിക്ക, തായ് ലൻഡ് എന്നിവിടങ്ങളിലായി 44 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ചൈനയ്ക്ക് പുറത്ത് ഇതുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചിട്ടില്ല. ചൈനയിലെ നാഷണൽ ന്യൂ ഇയർ ഹോളിഡ മൂന്നു ദിവസം കൂടി ഗവൺമെന്റ് നീട്ടി നല്കിയിരിക്കുകയാണ്. വൈറസിന്റെ വ്യാപനം തടയാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്.

രോഗബാധയുള്ള ഹുബെയ് പ്രൊവിൻസിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് ഫോറിൻ ഓഫീസിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ ഗവൺമെന്റ് ദ്രുതഗതിയിൽ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഹൗസ് ഓഫ് കോമൺസിനെ അറിയിച്ചു. വുഹാനിൽ നിന്ന് ജനുവരി 10ന് ശേഷം 1500ലേറെ പേർ യുകെയിൽ എത്തിയതായാണ് കണക്ക്. ഇവരെ കണ്ടെത്തി ആരോഗ്യരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്താൻ ശ്രമം തുടരുകയാണ്. ഇങ്ങനെയുള്ളവർ മറ്റുള്ളവരിൽ നിന്ന് സ്വയം മാറിക്കഴിയണമെന്നാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.

Other News