Monday, 23 December 2024

യോർക്ക് ഷയറിൽ നിന്നും നിർമ്മിക്കുന്ന "ഒരു കുഞ്ഞു വലിയ ഹൃദയം" എന്ന ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം പൂർത്തിയായി. ആസ്വാദകർക്കായി ഏപ്രിൽ ആദ്യം റിലീസ് ചെയ്യും.

യോർക്ക് ഷയറിൽ നിന്നും T എൻ്റർടെയ്ൻമെൻറ് ബാനറിൽ നിർമ്മിക്കുന്ന "ഒരു കുഞ്ഞു വലിയ ഹൃദയം" എന്ന ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനു ശേഷം ആസ്വാദകർക്കായി ഏപ്രിൽ ആദ്യം ചിത്രം റിലീസ് ചെയ്യും. ഷോർട്ട് ഫിലിമും മ്യൂസിക് വിഡിയോയും ചെയ്തു രചനാ വൈഭവവും സംവിധാന മികവും തെളിയിച്ചിട്ടുള്ള ശ്രീ അശ്വിൻ മാണി ജെയിംസ് ആണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി ധീരജ് സഹസംവിധാനം നിർവഹിക്കുന്നു.

പ്രശസ്ത സിനിമാറ്റോഗ്രാഫർ കെവിൻ തോംസണാണ് ചിത്രീകരണത്തിൻ്റെ ചുമതല വഹിക്കുന്നത്. വിൻചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും സിനിമാറ്റോഗ്രഫിയിൽ ബിരുദം നേടിയ കെവിൻ ഒരു കൊമേർഷ്യൽ ഡ്രോൺ പൈലറ്റും ആണ്. സിനിമാറ്റോഗ്രാഫർ ആയ തോംസൺ തങ്കച്ചന്റെ മകനാണ് 26 കാരനായ കെവിൻ. സാങ്കേതിക തികവുകളോടെ യുകെയിലെ മലയാളികൾക്കു ഷോർട്ട് ഫിലിമും സിനിമയും ചെയ്യാൻ യുകെയിൽ കെവിനെപ്പോലെയുള്ള ഒരാളെ ലഭിക്കുന്നത് ഈ മേഖയിലുള്ളവർക്ക് തികച്ചും മുതൽക്കൂട്ടാണ്.

യുക്മ കലാമേള വേദികളെ തകർപ്പൻ പവർ ഡാൻസ് കൊണ്ടു കോരിത്തരിപ്പിച്ച ധീരജ്, സംഗീഷ്, ജെനി എന്നിവർ അഭിനയിക്കുന്നു. ഡോ. ദീപ ജേക്കബ്, ജെനി ജോൺ എന്നിവർ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2017 ൽ യുക്മ യോർക്ക് ഷയർ റീജിയണൽ കലാതിലക പട്ടം പങ്കിട്ട ദിയ എലീസ ജോർജും ഈവ മരിയ കുര്യാക്കോസും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. 2019 ലെ യുക്മ നാഷണൽ നാട്യമയൂരപ്പട്ട ജേതാവുകൂടിയാണ് ഈവ.

സംവിധായകൻ അശ്വിൻ യുക്മ യോർക്ക് ഷയർ ആൻഡ് ഹംബർ റീജിയൻ പ്രസിഡന്റ്‌ ആണ്. മുൻ മൂവാറ്റുപുഴ MLA ഡോ. എ വി ഐസക്കിന്റെ ചെറുമകനും കൂത്താട്ടുകുളം തോലാനിക്കുന്നേൽ ഡോ. ജെയിംസ് മാണിയുടെയും ജെസ്സി ജെയിംസിന്റെയും ഏക മകനുമാണ് ബഹുമുഖ പ്രതിഭയായ അശ്വിൻ. അദ്ദേഹം ഭാര്യ ചിഞ്ചു കുര്യാക്കോസും രണ്ടു മക്കളോടുമൊപ്പം ഹള്ളിൽ ആണ് താമസം. യുകെയിലെ സിറ്റി ഓഫ് കൾച്ചർ ആയിരുന്ന ഹള്ളിലും പരിസര പ്രദേശങ്ങളിലും ആണ് ഹ്രസ്വചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

Location Stills

 

 

 

 

 

 

 

 

Other News