Sunday, 24 November 2024

ആമസോണ്‍ വെയര്‍ഹൗസുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. തൊഴിലാളി സുരക്ഷയില്‍ ആശങ്ക

ആമസോണ്‍ വെയര്‍ഹൗസിലെ സുരക്ഷ വീഴ്ചകളെ കുറിച്ച് പാര്‍ലമെന്റ് തലത്തിൽ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. വെയര്‍ഹൗസില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 600 ലധികം തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്തതോടെയാണ് സുരക്ഷയില്‍ ആശങ്കകള്‍ ഉയരുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസ് ഓഹരിയുടമയായ ആമസോണിലെ ജോലി സാഹചര്യങ്ങളെക്കുറിച്ച് മോശം വെളിപ്പെടുത്തലുകള്‍ വന്നതോടെ അസംതൃപ്തരായ സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പരസ്യ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

വിവരാവകാശ പ്രകാരം ജി എം ബി ട്രേഡ് യൂണിയന് ലഭിച്ച റിപ്പോര്‍ട്ടില്‍ യുകെയിലെ 50ലധികം വെയര്‍ഹൗസുകളിലെയും സുരക്ഷ മെച്ചപ്പെട്ടിട്ടില്ല. മാത്രമല്ല പലതിന്റെയും നില വഷളാവുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 622 അപകട റിപ്പോര്‍ട്ടുകള്‍ പ്രാദേശിക അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്.2016-17ലെ 152 അപകടങ്ങളില്‍ നിന്ന് അടുത്ത വര്‍ഷം 230 ആയും കഴിഞ്ഞ വര്‍ഷം 240 ആയും ഉയര്‍ന്നു. ഒരു സംഭവത്തിൽ ലണ്ടന്‍ വെയര്‍ഹൗസിലെ ഒരു കോൺട്രാക്ട് വർക്കർക്ക് ബോധം നഷ്ടപ്പെടുകയും എന്നാൽ തലയ്ക്ക് പരിക്കേറ്റിട്ടും ജോലി പുനരാരംഭിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബാസ്‌ക്കറ്റുകള്‍ ഉയരത്തില്‍ അടക്കി വെയ്ക്കുന്നത് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

അപകടങ്ങള്‍ തുടർക്കഥയാകുമ്പോഴും ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്ന് ആരും പരാതി നല്‍കാറില്ല. നിലവില്‍ വിഗാന്റെ എം പിയും ലേബര്‍ നേതൃത്വ മത്സരാര്‍ത്ഥിയുമായ ലിസ നാന്‍ഡി ആമസോണിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ''ആമസോണ്‍ വെയര്‍ ഹൗസുകളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പരിക്കുകള്‍ ഭയാനകമാണ്. ആമസോണിന്റെ തൊഴിലാളികള്‍ പണിമുടക്ക് നടത്തുകയും പ്രതിഷേധിക്കുകയും ചെയ്താല്‍ ഞാന്‍ അവരോടൊപ്പം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.'എന്റെ 30 വര്‍ഷത്തെ തൊഴില്‍ ലോകത്ത് ഒരു കമ്പനിയും അതിന്റെ തൊഴിലാളികള്‍ക്ക് ഇത്രയും പരിക്കുകള്‍ വരുത്തിയതായി എനിക്ക് ഓര്‍മിക്കാന്‍ കഴിയില്ലെന്നാണ് ബര്‍മിംഗ്ഹാം എര്‍ഡിംഗ്ടണ്‍ എംപി ജാക്ക് ഡ്രോമി സംഭവത്തോട് പ്രതികരിച്ചത്.

Other News