Friday, 20 September 2024

ബ്രിട്ടീഷ് പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് പൗരത്വം ഉറപ്പു നൽകുന്നത് ഏറ്റവും അഭികാമ്യമായിരിക്കുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ

ബ്രിട്ടീഷ് പൗരന്മാർക്ക് അസോസിയേറ്റ് പൗരത്വം വഴി യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത് അഭികാമ്യമായിരിക്കുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ബ്രസ്സൽസ് സന്ദർശന വേളയിൽ യൂറോപ്യൻ യൂണിയൻ നേതാക്കളോട് അഭ്യർത്ഥിച്ചു. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഭാവി ബന്ധത്തെ കുറിച്ചുള്ള ചർച്ചകളുടെ ഹൃദയം സഞ്ചാര സ്വാതന്ത്ര്യം ആയിരിക്കണമെന്നും ബെൽജിയം മുൻ പ്രധാനമന്ത്രി ഗൈ വെർഹോഫ്സ്റ്റാഡിന്റെ പിന്തുണയോടെ ഖാൻ ആഹ്വാനം ചെയ്തു.

യൂറോപ്യൻ പാർലമെന്റിന്റെ ബ്രെക്സിറ്റ് കോർഡിനേറ്ററായിരുന്ന വെർഹോഫ്സ്റ്റാഡ് 2016 അവസാനമാണ് അസോസിയേറ്റ് പൗരത്വം എന്ന ആശയം ആദ്യം ഉന്നയിച്ചത്. യൂറോപ്യൻ യൂണിയനുമായി കൂടി ചേരുന്ന കാര്യം സമീപകാലത്ത് അസംഭവ്യമാണെന്നും എന്നാൽ അസോസിയേറ്റ് പൗരത്വം വഴി യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം തുടരാൻ സാധിക്കുകയും അത് ബ്രെക്‌സിറ്റ് വികാരത്തെ വൃണപ്പെടുത്തുകയുമില്ല എന്നതും ഗുണകരമാണെന്ന് ഖാൻ പറഞ്ഞു.

ബ്രെക്‌സിറ്റിന് മുൻപ് യൂറോപ്യൻ യൂണിയനിൽ അംഗമായിരുന്നപ്പോൾ ബ്രിട്ടീഷ് പൗരന്മാർക്ക് ലഭിച്ചിരുന്ന
അവകാശങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് അസോസിയേറ്റ് പൗരത്വം വഴി സാധിക്കും. സഞ്ചാര സ്വാതന്ത്യവും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യവും മാത്രമല്ല ഇത് വഴി പൗരന്മാർക്ക് ലഭിക്കുക, ആരോഗ്യ സംരക്ഷണം, ക്ഷേമം, ജോലി എന്നിവയിലെ അവകാശങ്ങളും യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശവും സംരക്ഷിക്കാനും അസോസിയേറ്റ് പൗരത്വം വഴി നിലവിൽ കൊണ്ടു വരാൻ കഴിയും . യൂറോപ്യൻ യൂണിയൻ നിയമപ്രകാരം അസോസിയേറ്റ് പൗരത്വം നിലവിൽ കൊണ്ടു വരുന്നത് നിയമവിരുദ്ധമായതിനാൽ ഈ നിർദ്ദേശം ചർച്ചകളിൽ മുന്നേറാനുള്ള സാധ്യത വളരെ പരിമിതമാണ്.

 

 

 

Other News