ബ്രിട്ടണിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച ഫ്രണ്ട് ലൈൻ സ്റ്റാഫിൽ ഭൂരിഭാഗവും ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി വിഭാഗത്തിലുള്ളവർ. എൻഎച്ച്എസ് അന്വേഷണം ആരംഭിച്ചു.
ബ്രിട്ടണിൽ കൊറോണ വൈറസ് ബാധിച്ച മരിച്ച ഫ്രണ്ട് ലൈൻ സ്റ്റാഫിൽ ഭൂരിഭാഗവും ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി വിഭാഗത്തിലുള്ളവരാണെന്ന് കണക്കുകൾ പുറത്തുവന്നതിനെ തുടർന്ന് എൻഎച്ച്എസ് അന്വേഷണം ആരംഭിച്ചു. ആനുപാതികമല്ലാത്ത രീതിയിൽ ആണ് ഈ വിഭാഗത്തിലുള്ളവരുടെ മരണനിരക്ക്. ഇതു വരെ മരണമടഞ്ഞ 53 മെഡിക്കൽ, കെയർ സ്റ്റാഫുകളിൽ 68 ശതമാനത്തോളം ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി വിഭാഗത്തിലുള്ളവർ ആണ്. ഇതേത്തുടർന്നാണ് ഡൗണിംഗ് സ്ട്രീറ്റ് അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്.
മരണമടഞ്ഞ ആദ്യത്തെ പത്തു ഡോക്ടർമാരും ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി വിഭാഗത്തിലുള്ളവർ ആണ്. എൻഎച്ച്എസിലെ മെഡിക്കൽ സ്റ്റാഫിൽ 44 ശതമാനം മാത്രമാണ് ഈ വിഭാഗത്തിലുള്ളവരാണ്. മരണ നിരക്കിൽ കാണുന്ന ആനുപാതികമല്ലാത്ത ട്രെൻഡ് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇതിൻ്റെ കാരണങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഡാറ്റാ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി വിഭാഗത്തിലുള്ളവർ കൂടുതൽ റിസ്കിൽ ആവുന്ന സ്ഥിതിവിശേഷം ഉണ്ടെങ്കിൽ അതു പരിഹരിക്കപ്പെടണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് നിർദ്ദേശം നല്കിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് ക്രിട്ടിക്കൽ കെയറിലുള്ള 3,883 പേഷ്യൻ്റുകളിൽ നടത്തിയ പഠനത്തിൽ ഇവരിൽ 33.6 ശതമാനം ബ്ലാക്ക്, ഏഷ്യൻ മൈനോറിറ്റി വിഭാഗത്തിലുള്ളവർ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 2011 ലെ സെൻസസ് അനുസരിച്ച് ഈ വിഭാഗത്തിലുള്ളവർ ജനസംഖ്യയുടെ 14 ശതമാനം മാത്രമാണ്.