കേരളാ കോൺഗ്രസ് (എം) ഓദ്യോഗിക വിഭാഗം ജോസ് കെ മാണിയുടേതെന്ന് ഇലക്ഷൻ കമ്മീഷൻ വിധിച്ചു. രണ്ടില ചിഹ്നവും നല്കി
കേരളാ കോൺഗ്രസ് (എം) ഓദ്യോഗിക വിഭാഗമായി ജോസ് കെ മാണി പക്ഷത്തെ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചു. രണ്ടില ചിഹ്നവും കമ്മീഷൻ അനുവദിച്ച് നല്കി. ഇതു സംബന്ധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയും ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്രയും ഒപ്പുവച്ച ഓർഡർ പുറത്തിറങ്ങി. ഓഗസ്റ്റ് 30 നാണ് ഉത്തരവ് നല്കിയത്. ഇലക്ഷൻ കമ്മീഷണർമാരിൽ ഒരാളായ അശോക് ലവാസ തീരുമാനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
2019 ഏപ്രിൽ 9 ന് കേരളാ കോൺഗ്രസ് എം ചെയർമാനായിരുന്ന കെ.എം മാണി മരണമടഞ്ഞതിനെ തുടർന്നാണ് പാർട്ടിയിൽ തർക്കങ്ങൾ ആരംഭിച്ചത്. പാർട്ടി ഭരണഘടന പ്രകാരം ചെയർമാൻ്റെ അസാന്നിധ്യത്തിൽ പാർട്ടി വർക്കിംഗ് ചെയർമാനായിരിക്കും പാർട്ടിയുടെ ചുമതല വഹിക്കുകയെന്ന് പി.ജെ ജോസഫ് എം.എൽ.എ വാദിച്ചു. പുതിയ പാർട്ടി ചെയർമാനെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കണമെന്ന് പാർട്ടിയുടെ വൈസ് ചെയർമാനായിരുന്ന ജോസ് കെ മാണി എംപിയും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാതിരുന്നതിനെ തുടർന്ന് പാർട്ടി സംസ്ഥാനക്കമ്മിറ്റി ജോസ് കെ മാണി വിഭാഗം വിളിച്ച് ചേർക്കുകയും ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്തു.തർക്കങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് ജോസ് കെ മാണിയും പി.ജെ ജോസഫും പിന്നീട് ഇലക്ഷൻ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഇതിനിടെ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ പി.ജെ ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിന് പാർട്ടി ചിഹ്നമായ രണ്ടില ചിഹ്നം നിഷേധിച്ചത് പാർട്ടിയിൽ ഭിന്നിപ്പ് രൂക്ഷമാക്കിയിരുന്നു. ജോസ് കെ മാണി എം.പി, തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, എൻ. ജയരാജ് എം.എൽ.എ എന്നിവർ ഒരു പക്ഷത്തും പി.ജെ ജോസഫ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, സി.എഫ് തോമസ് എം.എൽ.എ എന്നിവർ മറുപക്ഷത്തും നിലയുറപ്പിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുഡിഎഫിൽ നിന്ന് ജോസ് കെ മാണി വിഭാഗത്തെ മാറ്റി നിർത്തിയിരുന്നു. എന്നാൽ സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോയ ജോസ് കെ മാണി പക്ഷം ഈയിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു. സഭയിൽ കേരളാ കോൺഗ്രസ് എം ൻ്റെ ചീഫ് വിപ്പ് റോഷി അഗസ്റ്റ്യൻ ആണെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.
സാദിഖ് അലി കേസിൽ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് തർക്കത്തിൽ വിധി പറയുന്നതെന്ന് ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എം.പിമാരും രണ്ട് എംഎൽഎമാരുമുള്ള ജോസ് കെ. മാണി പക്ഷത്താണ് പാർട്ടി ലേബലിൽ തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഭൂരിഭാഗവും നിലയുറപ്പിച്ചിരിക്കുന്നത്. കമ്മീഷൻ്റെ വിധിയോടെ കേരളാ കോൺഗ്രസ് എം എന്ന ഔദ്യോഗിക ലേബലിൽ ജോസ് കെ മാണി കേരളത്തിലെ പ്രാദേശിക രാഷ്ട്രീയത്തിൽ നിർണായ ശക്തിയായി മാറും.
സത്യത്തിൻ്റെ വിജയമെന്ന് ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധിയെക്കുറിച്ച് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.