Friday, 22 November 2024

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആറു പെനാൽട്ടി പോയിൻ്റുകളും 200 പൗണ്ട് ഫൈനും.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഗവൺമെൻറ് നീക്കം തുടങ്ങി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ കൈയിലെടുക്കുന്നതു പോലും കുറ്റകരമായി കണക്കാക്കാനാണ് പുതിയ ഭേദഗതിയിൽ ലക്ഷ്യമിടുന്നത്. നിയമ ലംഘകർക്ക് ആറു പെനാൽട്ടി പോയിൻ്റുകളും 200 പൗണ്ട് ഫൈനും ലഭിക്കും. ഡ്രൈവിംഗിനിടെ ഫോട്ടോ എടുക്കുകയും ഗെയിം കളിക്കുകയും ചെയ്യാൻ മൊബൈൽ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ പഴുതടച്ച നിയമത്തിലൂടെ നിരോധിക്കും. മൊബൈലുകൾ ഹാൻഡ്സ് ഫ്രീയായി ഉപയോഗിക്കാൻ തുടർന്നും അനുമതിയുണ്ട്. ഹാൻഡ്സ് ഫ്രീ ഡിവൈസുകൾ ഡ്രൈവിംഗ് തുടങ്ങുന്നതിനു മുൻപ് സെറ്റ് ചെയ്തിരിക്കണം. നിയമം ട്രാഫിക് ക്യൂവിലും സിഗ്നൽ ലൈറ്റുകളിലും ബാധകമാണ്.

ഡ്രൈവ് ത്രൂ ടേക്ക് എവേകളിൽ പേയ്മെൻ്റിനായി മൊബൈൽ ഉപയോഗിക്കാം. നിലവിലെ നിയമമനുസരിച്ച് ഡ്രൈവിംഗിനിടെ ഫോൺ വിളിക്കുന്നതും ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുന്നതും നിയമവിരുദ്ധമാണ്. മൊബൈലുകൾ ഹാൻഡ്സ് ഫ്രീയായി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ക്യാമ്പയിനർമാരുടെ ആവശ്യം ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ട് നിരസിച്ചു. അടുത്ത വർഷം ആദ്യത്തോടെ പുതിയ ഭേദഗതികൾ അടങ്ങിയ നിയമം നിലവിൽ വരുമെന്നാണ് കരുതുന്നത്. ഇതിനായുള്ള കൺസൾട്ടേഷൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാൻസ്പോർട്ട് ആരംഭിച്ചു.

Other News