Sunday, 24 November 2024

ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും ആഴ്ചയിൽ 32.5 മണിക്കൂർ തുറന്നു പ്രവർത്തിക്കണമെന്ന് നിർദ്ദേശം. സെപ്റ്റംബർ മുതൽ ഇത്  പ്രാബല്യത്തിൽ വരുത്തുമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി.

ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും ആഴ്ചയിൽ 32.5 മണിക്കൂർ തുറന്നു പ്രവർത്തിക്കണമെന്ന ഗവൺമെൻ്റ് നിർദ്ദേശം ഈയാഴ്ച പ്രസിദ്ധീകരിക്കും. സെപ്റ്റംബർ മുതൽ ഇത്  പ്രാബല്യത്തിൽ വരുത്തുമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി നാദിം സഹാവി അറിയിച്ചു. എത്ര സമയം സ്കൂൾ തുറന്നു പ്രവർത്തിക്കണമെന്നത് ഹെഡ് ടീച്ചറും ഗവേണിംഗ് ബോഡിയുമാണ് ഇപ്പോൾ തീരുമാനിക്കുന്നത്. ഇംഗ്ലണ്ടിലെ 14 ശതമാനത്തോളം സ്കൂളുകൾ 32 മണിക്കൂറിൽ താഴെയാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്.

കുട്ടികൾക്കായി മികച്ച അദ്ധ്യാപകരെയും മെച്ചപ്പെട്ട സ്കൂളുകളെയും ഒരുക്കുകയാണ് ഗവൺമെൻ്റ് ലക്ഷ്യമെന്ന് എഡ്യൂക്കേഷൻ സെക്രട്ടറി പറഞ്ഞു. 70 ശതമാനത്തോളം സ്കൂളുകളിൽ 32 മുതൽ 35 മണിക്കൂർ വരെ അദ്ധ്യയനം നടക്കുന്നുണ്ട്. ഒൻപത് ശതമാനം സ്കൂളുകൾ ഇതിലേറെ സമയം പ്രവർത്തിക്കുന്നവയാണ്. ജൂലൈ 2021 ഗവൺമെൻ്റ് സർവേയിലൂടെയാണ്  ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്.

ആഴ്ചയിൽ 32.5 മണിക്കൂർ അദ്ധ്യയനം നടക്കണമെങ്കിൽ സ്കൂളുകൾ രാവിലെ 8.45 മുതൽ ഉച്ചയ്ക്ക് ശേഷം 3.15 വരെയെങ്കിലും ദിവസേന പ്രവർത്തിക്കണം. ഒരു ദിവസം 20 മിനിട്ട് സമയം കുറവാണ് പ്രവർത്തന സമയമെങ്കിൽ ഒരു വർഷം കൊണ്ട് രണ്ടാഴ്ചത്തെ പഠന സമയം കുട്ടികൾക്ക് നഷ്ടമാകുമെന്നാണ് ഗവൺമെൻ്റ് വിലയിരുത്തുന്നത്. പ്രൈമറി സ്കൂൾ പൂർത്തിയാക്കുന്ന 90 ശതമാനം കുട്ടികളും മാത് സിനും ഇംഗ്ലീഷിനും ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന നിലവാരത്തിൽ എത്തിയെന്ന് 2030 ഓടെ ഉറപ്പുവരുത്താനുള്ള പദ്ധതിയും ഗവൺമെൻ്റ് നടപ്പാക്കുന്നുണ്ട്. നിലവിലെ കണക്കനുസരിച്ച് 65 ശതമാനം കുട്ടികൾ മാത്രമേ ഈ നിലവാരം കൈവരിക്കുന്നുള്ളൂ.

Other News