Sunday, 24 November 2024

മോർട്ട്ഗേജ് മാർക്കറ്റിൽ ഗവൺമെൻ്റ് ഇടപെടൽ... ഹൈ സ്ട്രീറ്റ് ബാങ്ക് മേധാവികളുമായി ചാൻസലർ കൂടിക്കാഴ്ച നടത്തും

മോർട്ട്ഗേജ് മാർക്കറ്റിൽ ഗവൺമെൻ്റ് ഇടപെടുന്നു. ചാൻസലർ ക്വാസി കാർട്ടെംഗ് ഹൈ സ്ട്രീറ്റ് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ചയാണ് മീറ്റിംഗ്‌ നടക്കുന്നത്. മിനി ബഡ്ജറ്റിനു ശേഷം നിരവധി മോർട്ട്ഗേജ് ഡീലുകൾ വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ട അസാധാരണ സ്ഥിതിവിശേഷം കണക്കിലെടുത്താണ് ഗവൺമെൻ്റ് നീക്കം. ബാർക്ളേസ്, നാറ്റ് വെസ്റ്റ്, ലോയിഡ്സ് അടക്കമുള്ള ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവുകൾ മീറ്റിംഗിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മോർട്ട്ഗേജ് ഡീലുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലർ മേധാവികളോട് ചർച്ച ചെയ്യും. മോർട്ട് ഗേജ് ഡീലുകൾ സംബന്ധിച്ച ബാങ്കുകളുടെ നിലപാടും ഭാവി നടപടികളും മനസിലാക്കാനാണ് മീറ്റിംഗ്.

മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ മാർക്കറ്റ് ചലനങ്ങളെ തുടർന്ന് മോർട്ട്ഗേജ് പ്രൊവൈഡർമാർ ലോൺ റേറ്റുകൾ ഉയർത്തിയിരുന്നു. രണ്ടു വർഷത്തെ ഫിക്സഡ് ഡീലിന് ശരാശരി  പലിശ നിരക്ക് 6 ശതമാനത്തിനടുത്ത് എത്തിയതായാണ് മാർക്കറ്റ് ഡാറ്റാ സൂചിപ്പിക്കുന്നത്. മിനി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം 4.74 ശതമാനം പലിശ നിരക്കിൽ ലഭ്യമായ മോർട്ട്ഗേജ് ഡീലുകൾ ഇപ്പോൾ ശരാശരി 5.75 പലിശ നിരക്കിലേയ്ക്ക് ഉയർത്തപ്പെട്ടു. പൗണ്ടിൻ്റെ മൂല്യം ഇടിഞ്ഞതും മാർക്കറ്റ് സ്ഥിരത കൈവരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് ഉയർത്തുമെന്ന ആശങ്കയും മൂലം നിരവധി മോർട്ട്ഗേജ് ഡീലുകളാണ് പിൻവലിക്കപ്പെട്ടത്.

കഴിഞ്ഞ ഡിസംബറിൽ മുതലാണ് മോർട്ട്ഗേജ് റേറ്റുകൾ ഉയരാൻ തുടങ്ങിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഘട്ടംഘട്ടമായി അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്നാണിത്. രണ്ടു വർഷത്തെ ഫിക്സഡ് ഡീലുകൾക്ക് ശരാശരി 2.34 ശതമാനമായിരുന്നു ഡിസംബറിലെ ശരാശരി നിരക്ക്. ആവശ്യമെങ്കിൽ പലിശ നിരക്ക് ഉയർത്താൻ മടിക്കില്ലെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അറിയിപ്പുണ്ടായതോടെ മോർട്ട്ഗേജ് പ്രൊവൈഡർമാർ കരുതലോടെയാണ് നീങ്ങുന്നത്. നല്ല ക്രെഡിറ്റ് സ്കോർ ഇല്ലാത്തവർക്ക് ഹോം ലോൺ ലഭിക്കാൻ വളരെ ബുദ്ധിമുട്ടേണ്ട സ്ഥിതിയാണ് മാർക്കറ്റിൽ നിലവിലുള്ളത്.

ഏകദേശം 100,000 ലധികം ഫിക്സ്ഡ് മോർട്ട്ഗേജ് ഡീലുകൾ ഓരോ മാസവും അവസാനിക്കുന്നുണ്ട്. ഫസ്റ്റ് ടൈം ഡീലുകളും നിരവധിയുണ്ട്. 1.5 മില്യണിലധികം വേരിയബിൾ അല്ലെങ്കിൽ ട്രാക്കർ ഡീലുകൾ നിലവിലുണ്ട്. ബേസ് റേറ്റും മോർട്ട്ഗേജ് നിരക്കും വർദ്ധിക്കുന്നതിനനുസരിച്ച് കസ്റ്റമേഴ്സിന് അധിക സാമ്പത്തിക ബാധ്യത ഇത് സൃഷ്ടിക്കും.

പൗണ്ടിൻ്റെ മൂല്യം കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് ഉയർന്നിട്ടുണ്ട്. ഒരു പൗണ്ടിന് 1.14 യുഎസ് ഡോളർ എന്ന നിലയിലാണ് വിനിമയമൂല്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് ചാൻസലർ ക്വാസി കാർട്ടെംഗ് പാർലമെൻറിൽ അവതരിപ്പിച്ച മിനി ബഡ്ജറ്റ് പൗണ്ടിൻ്റെ വില കുത്തനെ ഇടിയുന്നതിന് കാരണമായിരുന്നു. ഒരു പൗണ്ടിന് 1.03 ഡോളർ എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ വിനിമയം നടന്നത്. ബ്രിട്ടീഷ് ഫൈനാൻഷ്യൽ മാർക്കറ്റിനെ അടിമുടി ഉലച്ച ബഡ്ജറ്റിലെ വിവാദപരമായ ടാക്സ് ഇളവ് പിൻവലിയ്ക്കുകയാണെന്ന് ചാൻസലർ പ്രഖ്യാപിച്ചിരുന്നു.

ടോപ്പ് റേറ്റ് ടാക്സായ 45 പെൻസ് നിരക്കാണ് 40 പെൻസിലേയ്ക്ക് താഴ്ത്താൻ ചാൻസലർ മിനി ബഡ്ജറ്റിൽ ലക്ഷ്യമിട്ടത്. രാജ്യം കൂടുതൽ കടമെടുപ്പ് നടത്തേണ്ടി വരുമെന്ന ആശങ്ക ഇൻവെസ്റ്റേഴ്സ് മാർക്കറ്റിൽ പരന്നതോടെയാണ് പൗണ്ടിൻ്റെ മൂല്യമിടിഞ്ഞത്. പ്രതിപക്ഷത്തിൻ്റെയും കൺസർവേറ്റീവ് നേതാക്കളുടെയും കടുത്ത എതിർപ്പിനെ തുടർന്ന് ഈ ഇളവ് ചാൻസലർ പിൻവലിച്ചത്.  നവംബർ 23ന് അവതരിപ്പിക്കാനിരുന്ന ഫൈനാൻഷ്യൽ സ്റ്റേറ്റ്മെൻറ് നേരത്തെയാക്കാനും ഗവൺമെൻ്റ് തീരുമാനിച്ചിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ കടമെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഇതിൽ ലഭ്യമാകും. 

Other News