Sunday, 24 November 2024

വേഴാമ്പൽപ്പിടച്ചിൽ - ജിഷാ സുരേന്ദ്രൻ പയ്യന്നൂർ എഴുതിയ കവിത

വേഴാമ്പൽപ്പിടച്ചിൽ

 

അത്രമേൽ മൗനത്തെ പ്രണയിച്ചുവോ നീ?

മൊഴികൾ ഉതിരാതെ നോക്കണം

മുത്തെന്നു കരുതിയൊരു 

മാല കോർത്തേക്കാം

പദനിസ്വനം ഉയരാതെ കാക്കണം.

പ്രതീക്ഷയുടെ മുള പൊട്ടിയേക്കാം.

മുൾവേലിയിലെ പൂവായ്

നീലാകാശത്തെ വെൺമേഘമായ്

കല്ലിട വഴിയിലെ പുൽമെത്തയായ്

വേരിട തട്ടി വീഴുമ്പോൾ പിടിവള്ളിയായ്

നിന്നെ സങ്കൽപ്പിച്ചവൾക്ക്

മൗനത്തിന്റെ മേൽ മൂടിയണിഞ്ഞ്

ദൂരെ, മുഖം കൊടുക്കാതെ

മറഞ്ഞു നിൽക്കണം.

കാൽച്ചുവട്ടിൽ അവളർച്ചിച്ചത്

ഹൃദയരക്തം ചുവപ്പിച്ച

പനിനീർപ്പൂക്കളായിരുന്നു.

വാക്കുകൾ അടർന്നുവീണത്

വർഷങ്ങളാണ്ടു കിടന്ന

തപസ്സിൽ നിന്നായിരുന്നു.

ഓർമ്മകളുടെ തിരതള്ളലിൽ

പിന്തിരിഞ്ഞോടണമെന്നുണ്ട്.

ആഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന 

ചുഴികളാണൊക്കെയും.

മഴവില്ലുപോൽ ഭ്രമിപ്പിക്കുമെങ്കിലും

ഇത്തിരി നേരം കൺ പാർത്തു നിൽക്കുമവൾ.

ഒട്ടൊന്നു നിൽക്കാതെ

ഇടറുന്ന വാക്കുകൾക്ക്

ഇട കൊടുക്കാതെ

നിറയുന്ന കണ്ണുകൾക്ക്

മുഖമുയർത്താതെ

മുറിയുന്നതേങ്ങലിന്

ചെവികൊടുക്കാതെ

നീയകലുന്നതും നോക്കി,

പിൻ വിളി വിളിക്കാനാവാതെ.

തിരക്കുള്ള മുൾവഴികളിൽ

ഒരിലയായിപ്പോലും

വഴിമുടക്കിയിനി വരില്ലവൾ

ഓർക്കുക കാത്തിരുന്നൊരു

വേഴാമ്പൽപ്പിടച്ചിലുണ്ട്.

ജിഷാ സുരേന്ദ്രൻ പയ്യന്നൂർ

Other News