Sunday, 24 November 2024

ആകാശദീപങ്ങൾ സാക്ഷിയായി... മലയാളികൾക്ക് മാധുര്യമേറിയ ഗാനങ്ങൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയിൽ "നീലാംബരി" ഒരുങ്ങുന്നു. ബോൺമൗത്തിൽ മെയ് 16 ന്.

മലയാളികളുടെ ഹൃദയത്തിൽ പിന്നെയും പിന്നെയും പടി കടന്നെത്തുന്ന ഗാനങ്ങൾ... ആകാശദീപങ്ങൾ സാക്ഷിയായി ഇന്നലെ എന്റെ നെഞ്ചിലെ ഗദ്ഗദമായി... അമ്മ മഴക്കാറിനു കൺ നിറഞ്ഞ്.... യാത്രയായി സൂര്യാങ്കുരം... മലയാള സിനിമയിലെ അതി മനോഹരമായ ഗാനങ്ങൾക്ക് തൂലികയിലൂടെ ഊർജം പകർന്നു നല്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് ബ്രിട്ടന്റെ മണ്ണിൽ സ്നേഹാദരമായി ഗിരീഷ് പുത്തഞ്ചേരി നൈറ്റ് ഒരുങ്ങുന്നു. 

344 സിനിമകളിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളി പ്രേക്ഷകരുമായി സംവദിച്ചു. രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യയിലെ തന്നെ പ്രശസ്തരായ എല്ലാ സംഗീത സംവിധായകരുമൊത്ത് ഗാനപ്രഭ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചലച്ചിത്ര സംഗീത രംഗത്ത് അമൂല്യമായ സൃഷ്ടികൾ പിറന്നത് ഗിരീഷ് പുത്തഞ്ചേരിയും സംഗീത സംവിധായകനായ വിദ്യാസാഗറും ഒന്നിച്ചപ്പോഴായിരുന്നു. 1594 ഗാനങ്ങളാണ് നാല്പത്തിയെട്ടാം വയസിൽ അനശ്വരതയിലേക്ക് മറയുന്നതിനു മുൻപ് ഗിരീഷ് പുത്തഞ്ചേരി മലയാളികൾക്ക് സ്നേഹപൂർവ്വം സമ്മാനിച്ചത്.

ബോൺമൗത്തിൽ മെയ് 16 ന്നാണ് ഗിരീഷ് പുത്തഞ്ചേരി നൈറ്റ് നീലാംബരിയും പ്രതിഭകളുടെ സംഗമവും നടക്കുന്നത്. വെസ്റ്റ് പാർലെ മെമ്മോറിയൽ ഹാളിൽ വച്ച് നടക്കുന്ന സംഗീത സന്ധ്യയിൽ നിരവധി ഗായകർ ഗീരീഷ് പുത്തഞ്ചേരിയുടെ സ്മരണകളിൽ നിറയുന്ന അനശ്വര ഗാനങ്ങളുടെ ലോകത്തേയ്ക്ക് സദസിനെ കൈ പിടിച്ചുയർത്തും.

ഗിരീഷ് പുത്തഞ്ചേരി നൈറ്റ്

തിയതി: മെയ് 16, 2020
സമയം: 4 pm
അഡ്രസ്: വെസ്റ്റ് പാർലെ മെമ്മോറിയൽ ഹാൾ
275, ക്രൈസ്റ്റ് ചർച്ച് റോഡ്, ഫെൻ ഡൗൺ
BH22 8SL

 

Other News