ഫ്രഞ്ച് റിസോർട്ടിൽ കഴിഞ്ഞ അഞ്ച് ബ്രിട്ടീഷ് പൗരന്മാർക്ക് കൊറോണ വൈറസ് ഇൻഫെക്ഷൻ. ഇവർക്ക് രോഗം പകർന്നത് ബ്രൈറ്റണിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന്.
ഹോളിഡേയ്ക്കായി ഫ്രഞ്ച് റിസോർട്ടിൽ എത്തിയ അഞ്ച് ബ്രിട്ടീഷ് പൗരന്മാർക്ക് കൊറോണ വൈറസ് ഇൻഫെക്ഷൻ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ ഒൻപത് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവർക്ക് രോഗം പകർന്നത് ബ്രൈറ്റണിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നാണെന്ന് ഫ്രഞ്ച് അധികൃതർ വിശദീകരിച്ചു. ഫ്രഞ്ച് ആൽപ്സിലുള്ള റിസോർട്ടിൽ വച്ചാണ് രോഗബാധിതനായ ബ്രിട്ടീഷ് പൗരനിൽ നിന്ന് ഇവർക്ക് ഇൻഫെക്ഷനുണ്ടായത്. ഇയാൾ സിംഗപ്പൂരിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്ത ശേഷം യുകെയിലേയ്ക്ക് പോകുന്നതിന് മുൻപ് ആൽപ്സിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് ഇതേ റിസോർട്ടിൽ ഹോളിഡേയിലുണ്ടായിരുന്ന അഞ്ച് ബ്രിട്ടീഷുകാർക്ക് വൈറസ് ബാധിച്ചത്.
യുകെയിലേയ്ക്ക് ഇന്ന് വുഹാനിൽ നിന്നെത്തുന്ന അടുത്ത ബ്രിട്ടീഷ് ഫ്ളൈറ്റിലെ 140 ഓളം യാത്രക്കാരെ ഐസൊലേഷനിൽ താമസിപ്പിക്കുന്നത് മിൽട്ടൺ കീൻസിലെ കോൺഫറൻസ് സെൻററിലായിരിക്കും. ഇതിന് എൻഎച്ച്എസുമായി എന്തെങ്കിലും ബന്ധമുള്ള ഫസിലിറ്റി ആണോ എന്ന് വ്യക്തമല്ല. മിൽട്ടൺ കീൻസിന്റെ പ്രാന്തപ്രദേശത്താണ് സെന്റർ എന്നാണ് അറിയുന്നത്. 14 ദിവസത്തേയ്ക്ക് ഇവർ ക്വാരന്റീനിൽ ആയിരിക്കും. ജപ്പാൻ കോസ്റ്റിൽ ഉള്ള ക്രൂയിസ് ഷിപ്പിൽ ഉള്ള ഒരു ബ്രിട്ടീഷ് പൗരനും വൈറസ് ബാധയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.