Friday, 22 November 2024

കേരളത്തിലെ ബിവറേജസ് ഷോപ്പുകൾ പൂട്ടാൻ പറയുന്നവരോട്... അരുത്, അത് കൂടുതൽ അപകടത്തിലേയ്ക്ക് നയിക്കാം... ഇംഗ്ലണ്ടിൽ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന ഡോ. ജോജി കുരിയാക്കോസ് എഴുതുന്നു.

കേരളത്തിലെ മദ്യം വിൽക്കുന്ന എല്ലാ ബാറുകളും ബീവറേജ്‌സ് ഷോപ്പുകളും പെട്ടെന്ന് പൂട്ടണമെന്നു മുറവിളി കൂട്ടുന്നത് ഒരു പക്ഷെ പലരുടെയും അറിവില്ലായ്മ കൊണ്ടാവാം. മദ്യപിക്കുന്നവർക്കു മദ്യപാനം ഒരു രോഗാവസ്ഥയാണ് (alcohol dependence syndrome).

സ്ഥിരമായി അമിതമായി മദ്യപിക്കുന്നവർ മരുന്നുകളുടെ അകമ്പടിയോടെ അല്ലാതെ പെട്ടെന്ന് മദ്യം നിറുത്തിയാൽ അതിൽ ഒരു വലിയ ശതമാനത്തിനും അസുഖകരമായ withdrawal symptoms ഉണ്ടാവാം, അതിൽ പലർക്കും അപകടകരമായ Delirium Tremens എന്ന ഒരു വിഭ്രാന്തിയുമുണ്ടാവാം. ഇതിനെ ഒരു മെഡിക്കൽ എമെർജൻസി ആയാണ് കണക്കാക്കുന്നത്. അതുപോലെ ചിലർക്ക് മദ്യം പെട്ടെന്ന് നിറുത്തിയാൽ seizures ഉണ്ടാവാം, അതിലൂടെ ചിലർക്ക് മരണവും സംഭവിക്കാം.

മദ്യ ഉപയോഗം നിറുത്തിയതിനു ശേഷം ഒരു 8 മണിക്കൂറൊക്കെ കഴിയുമ്പോഴാണ് ആദ്യമായി withdrawal symptoms കണ്ടു തുടങ്ങുന്നത്. അത് രണ്ടാമത്തെ ദിവസത്തിൽ ഏറ്റവും കൂടുകയും പിന്നീട് പതുക്കെ നാലഞ്ച് ദിവസം കൊണ്ട് മാറുകയും ചെയ്യാം. ഉത്കണ്ഠ, വിറയൽ, വിയർക്കൽ, അസ്വസ്ഥത, ഛർദ്ദി, തലവേദന, ചങ്കിടിപ്പ് എന്നിവയൊക്കെയാണ് ആദ്യ ലക്ഷണങ്ങൾ. ഒരു പന്ത്രണ്ടു മണിക്കൂറൊക്കെ കഴിയുമ്പോൾ, സ്ഥിരമായി അമിതമായി മദ്യം കഴിക്കുന്നവരിൽ മാനസിക വിഭ്രാന്തിയുണ്ടാവാം. ഹാലൂസിനേഷൻസ് അഥവാ മുന്നിൽ ഇല്ലാത്ത വസ്തുക്കളെ കാണുകയും ഇല്ലാത്ത ശബ്ദങ്ങൾ കേട്ടതായി തോന്നുകയും ചെയ്യാം.

മദ്യം നിറുത്തി ഒരു ഇരുപത്തിനാലു മണിക്കൂറൊക്കെ കഴിയുമ്പോൾ ആണ് മദ്യപാനരോഗികളിൽ seizures ഉണ്ടാവാവുന്നത്, അത് മരണത്തിൽ വരെ കൊണ്ടെത്തിക്കാം. രണ്ടു ദിവസത്തിന് ശേഷമുണ്ടാകാവുന്ന Delirium Tremens എന്ന അവസ്ഥയിലെത്തുന്നവർക്കു സ്ഥലജല വിഭ്രാന്തിയും (Confusion) മാനസിക വിഭ്രാന്തിയും ബ്ലഡ് പ്രഷറിലും ഹൃദയമിടിപ്പിലും ഒക്കെ വ്യതിയാനങ്ങളും ഉണ്ടാവാം, ചിലപ്പോൾ മരണം വരെ സംഭവിക്കാം.

സ്ഥിരമായി അമിതമായി മദ്യം കഴിക്കുന്നവരിൽ പലർക്കും മദ്യപാനം നിറുത്താൻ ആശുപത്രിയിൽ കിടത്തിയുള്ള ചികിത്‌സ വേണ്ടി വന്നേക്കാം. അവർ കഴിക്കുന്ന മദ്യത്തിന്റെ അളവും കരൾ രോഗങ്ങളുൾപ്പടെയുള്ള മറ്റു ശാരീരിക രോഗാവസ്ഥകളുടെ നിലയും ഒക്കെ പരിഗണിച്ചാണ് മദ്യം നിറുത്തിക്കഴിയുമ്പോൾ ഉള്ള മരുന്നും അതിന്റെ അളവും നിശ്ചയിക്കുന്നത്. മരുന്നുകളുടെ അകമ്പടിയോടെയാവുമ്പോൾ അപകടകരവും അസുഖകരവും ആയ withdrawal symptoms ഇല്ലാതെ മദ്യപാനം നിറുത്താൻ കഴിയും.

ഇത്രയും നീട്ടിപ്പറഞ്ഞതെന്തിനാണെന്നു വെച്ചാൽ, പലരും വിചാരിക്കുന്നതുപോലെ എളുപ്പവും അപകടരഹിതവും അല്ല മദ്യപാനം പെട്ടെന്ന് നിറുത്തുകയെന്ന കാര്യം വ്യക്തമാക്കാനാണ് . കൃത്യമായ ചികിത്സയും അതിനുപരിയായി മറ്റു സാമൂഹിക ഇടപെടലുകളോടും കൂടി മാത്രമേ പലർക്കും മദ്യപാനം നിറുത്താൻ പറ്റൂ. അതുകൊണ്ടു തന്നെ പെട്ടെന്ന് ബാറുകളും ബിവറേജസും എല്ലാം പൂട്ടുക എന്നത് ഒട്ടും തന്നെ പ്രായോഗികമല്ല അത് അപകടങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും.

Dr. Joji Kuriakose, MBBS, MRCPsych, DPM, DMH, Consultant Psychiatrist, England

Other News