Thursday, 14 November 2024

കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ളമേഷൻ റിപ്പോർട്ട് ചെയ്തു. കൊറോണയുടെ ലക്ഷണങ്ങളുണ്ടെങ്കിലും കോവിഡ് പോസിറ്റീവുമല്ല. എൻഎച്ച്എസ് ഇംഗ്ലണ്ട് ജിപികൾക്ക് അടിയന്തിര അലർട്ട് നല്കി

കൊറോണയുടെ സമാനമായ രോഗലക്ഷണങ്ങളോടെ വിവിധ പ്രായത്തിലുള്ള കുട്ടികൾ ലണ്ടനിലും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ചികിത്സ തേടിയതായി സ്ഥിരീകരിച്ചു. എന്നാൽ നടത്തിയ ടെസ്റ്റുകളിൽ ഇവർ കോവിഡ് - 19 നെഗറ്റീവാണ്. ഇവരിൽ പലർക്കും ഇൻ്റൻസീവ് കെയർ ട്രീറ്റ് മെൻ്റ് ആവശ്യമായി വന്നത് കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതായി എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് ഇന്നലത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ വ്യക്തമാക്കി. കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ളമേഷനാണ് കണ്ടെത്തിയത്. ഇത് സാധാരണ ഗതിയിൽ കുട്ടികളിൽ കാണാറുള്ളതല്ല. എത്ര കുട്ടികളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എങ്കിലും എണ്ണം പരിമിതമാണെന്നാണ് കരുതുന്നത്.

കുട്ടികളിൽ കണ്ടെത്തിയ മൾട്ടി സിസ്റ്റം ഇൻഫ്ളമേഷൻ കൊറോണയുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ ഹെൽത്ത് എക്സ്പേർട്ടുകൾക്ക് അടിയന്തിര നിർദ്ദേശം നല്കിയിട്ടുണ്ട്. രോഗ ബാധിതരായ കുട്ടികളിൽ ടോക്സിക് ഷോക്ക് സിൻഡ്രത്തിന് സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. കടുത്ത പനി, കുറഞ്ഞ ബ്ളഡ് പ്രഷർ, റാഷ്, ശ്വാസതടസം എന്നിവ കുട്ടികളിൽ ഉണ്ടായിരുന്നു. ചില കുട്ടികളിൽ ഗാസ്ട്രോ ഇൻ്റസ്റ്റൈനൽ പ്രശ്നങ്ങൾ, വയറുവേദന, ഛർദി, ഡയറിയ, ഹൃദയത്തിന് വീക്കം, ബ്ളഡ് റിസൾട്ടുകളിലെ വ്യതിയാനം എന്നിവ റിപ്പോർട്ട് ചെയ്തു.

സാധാരണ ഗതിയിൽ ഇൻഫെക്ഷനെതിരെ ശരീരം സജ്ജമാകുന്നതിൻ്റെ അതിതീവ്രമായ അവസ്ഥയാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നതെന്ന് ഹെൽത്ത് എക്സ്പേർട്ടുകൾ പറയുന്നത്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ കുട്ടികൾക്ക് അടിയന്തിര ചികിത്സ നല്കണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശിച്ചു. ഇതുവരെ 20 ഓളം കേസുകൾ എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. കുട്ടികളെ കൊറോണ വൈറസ് കാര്യമായി ബാധിക്കുന്നില്ല എന്നാണ് പൊതുവെയുള്ള നിഗമനം. കൊറോണ വൈറസിനോടൊപ്പം തന്നെ മറ്റൊരു രോഗാണു കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ളമേഷനു കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രമുഖരായ പീഡിയാട്രീഷ്യൻമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലും സ്പെയിനിലും സെപ്റ്റിക് ഷോക്കിന് സമാനമായ ലക്ഷണങ്ങൾ കുട്ടികളിലുണ്ടായതായാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൾട്ടി സിസ്റ്റം ഇൻഫ്ളമേഷൻ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പറഞ്ഞു.

Other News